തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം സെപ്റ്റംബർ ഒൻപതിന് തുടങ്ങും. സംസ്ഥാനത്തെ ആറു ലക്ഷത്തോളം വരുന്ന എഎവൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും ആയിരിക്കും സൗജന്യ ഓണക്കിറ്റ് ലഭ്യമാകുക .
ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒൻപതിന് രാവിലെ എട്ടു മണിക്ക് തിരുവനന്തപുരം പേരൂർക്കട ബാപ്പൂജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ നിർവഹിക്കും.
കൂടാതെ സംസ്ഥാനത്തെ റേഷൻ കടകൾ വഴിയാണ് ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നത് .മാത്രമല്ല ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് സെപ്റ്റംബർ 10 മുതൽ ഉദ്യോഗസ്ഥർ കിറ്റുകൾ നേരിട്ടാണ്എത്തിക്കുന്നത് .
ക്ഷേമസ്ഥാപനങ്ങളിൽ താമസിക്കുന്നവരിൽ നാലുപേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക. കഴിഞ്ഞ വർഷങ്ങളിലേതുപോലെസംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് കിറ്റിൽ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിയിരിക്കുക .
ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്.