Monday, September 16, 2024
spot_imgspot_img
HomeNewsKerala Newsഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിച്ചം കാണാന്‍ സാധ്യതയില്ല!;റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ പലര്‍ക്കും ആശങ്ക,പുറത്തു വന്നാലും...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിച്ചം കാണാന്‍ സാധ്യതയില്ല!;റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ പലര്‍ക്കും ആശങ്ക,പുറത്തു വന്നാലും ആരോപണ വിധേയര്‍ സംരക്ഷിക്കപ്പെടും

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ 4 വര്‍ഷമായി തുടരുന്ന ശ്രമം ഓരോ തവണയും തടസപ്പെടുകയാണ്. ഇത് പുറത്തു വിടുന്നതില്‍ ആര്‍ക്കാണ് ആശങ്കയെന്നും പുറത്തുവരാതിരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നുമാണ് ആരോപണം.Obstacles in release of Justice Hema Committee report

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. എന്നാല്‍ സാംസ്കാരിക കേരളവും രാഷ്ട്രീയ കേരളവും ഈക്കര്യത്തില്‍ നിശബ്ദതയിലാണെന്ന ആരോപണവും നിലവിലുണ്ട്.

മൊഴി നല്‍കിയവര്‍ വായിച്ചുറപ്പിച്ച്‌ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമേ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വിടാവൂവെന്നതാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന വാദം. ഫലത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നാലും ആരോപണ വിധേയര്‍ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കപ്പെടും എന്നാണ് മറ്റൊരു ആക്ഷേപം.

ഇന്ന് രാവിലെ 11ന് റിപ്പോര്‍ട്ട് പുറത്തുവിടും എന്നായിരുന്നു സംസ്‌കാരിക വകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നത്. എന്നാല്‍ നടി രഞ്ജിനിയുടെ ഹര്‍ജിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നാണ് തീരുമാനം.

നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച്‌ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ 19-ാം തിയ്യതി വരെ സര്‍ക്കാരിന് സമയമുണ്ട്. ഈ സാഹചര്യത്തിലാണ് പുറത്തു വിടുന്നത് നീട്ടിയത്. കോടതിയുടെ അടുത്ത ഉത്തരവില്‍ സര്‍ക്കാരിനും ആകാംഷയുണ്ട്.

നേരത്തെ ഹര്‍ജി നല്‍കിയ സജിമോന്‍ പാറയില്‍ ഈ വിഷയത്തില്‍ കക്ഷിയല്ല. എന്നാല്‍ രഞ്ജിനി മൊഴി കൊടുത്തുവെന്ന് കരുതുന്ന വ്യക്തിയാണ്. ഈ സാഹചര്യത്തില്‍ കോടതിയില്‍ നിന്നും നിര്‍ണ്ണായക നിരീക്ഷണം ഉണ്ടാകാനാണ് സാധ്യത. അതിനാല്‍ അല്‍പം കൂടി കാത്തിരിക്കാമല്ലോ എന്നാണ് മാധ്യമ പ്രവര്‍ത്തകരെ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ടിലെ 233 പേജ് കൈമാറാനായിരുന്നു സാംസ്‌കാരിക വകുപ്പിന്റെ തീരുമാനം. എന്നാല്‍ ഇന്നലെ രാത്രിയോടെ നടി രഞ്ജിനി തടസവാദവുമായി സര്‍ക്കാറിനെ സമീപിച്ചതോടെയാണ് വീണ്ടും ആശയക്കുഴപ്പത്തിലായത്.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പൊന്നുമില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറയുന്നു.റിപ്പോര്‍ട്ട് പുറത്തു വിടാന്‍ ഹൈക്കോടതി ഉത്തരവുണ്ട്. സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (എസ്പിഐഒ) ആണ് അതു പുറത്തുവിടേണ്ടത്. സമയമാവുമ്പോള്‍ അതു പുറത്തുവിടുമെന്നാണ് കരുതുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു.

റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ സര്‍ക്കാരിനോ സാംസ്‌കാരിക വകുപ്പിനോ പങ്കൊന്നുമില്ല. എസ്പിഐഒയ്ക്കാണ് വിവരാവകാശ കമ്മിഷനും ഹൈക്കോടതിയും ഉത്തരവ് നല്‍കിയിട്ടുള്ളത്. റിപ്പോര്‍ട്ട് പുറത്തു വിടാന്‍ ഹൈക്കോടതി പറഞ്ഞ സമയം ആയിട്ടില്ല. സമയം ആവുമ്പോള്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്. അതില്‍ ഇത്ര വെപ്രാളപ്പെടുന്നത് എന്തിനെന്ന് സജി ചെറിയാന്‍ ചോദിച്ചു.

ഈ രാജ്യത്തെ ജനങ്ങളെല്ലാം അറിയേണ്ട കാര്യങ്ങളൊന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലില്ല. അതുകൊണ്ടാവും അതു പുറത്തുവിടാത്തത്. റിപ്പോര്‍ട്ടിലെ പ്രസക്തമായ കാര്യങ്ങള്‍ മാത്രമാണ് സര്‍ക്കാരിനു മുന്നിലേക്കു വന്നത്. റിപ്പോര്‍ട്ടില്‍ ഉണ്ടെന്നു പറയപ്പെടുന്ന മറ്റു കാര്യങ്ങളൊന്നും തനിക്കറിയില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു.

റിപ്പോര്‍ട്ട് ഇന്നു പുറത്തുവിടുമെന്ന് സര്‍ക്കാരോ സാംസ്‌കാരിക വകുപ്പോ പറഞ്ഞിട്ടില്ല. വകുപ്പിന് അതില്‍ റോളൊന്നുമില്ല. റിപ്പോര്‍ട്ടില്‍ പറയുന്ന ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു വരികയാണെന്നും മന്ത്രി അറിയിച്ചു.

പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് രഞ്ജിനി കോടതിയെ സമീപിച്ചത്.ഹേമ കമ്മിറ്റിക്ക് മുന്നില്‍മൊഴി നല്‍കിയവരുടെ കൂട്ടത്തില്‍ താനുമുണ്ടെന്ന് നടിയുടെ ഹര്‍ജിയില്‍ പറയുന്നു. മൊഴി നല്‍കിയവര്‍ക്ക് പകര്‍പ്പ് ലഭ്യമാക്കി അവരെ കൂടി ബോദ്ധ്യപ്പെടുത്തിയാകണം റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ വിവാദങ്ങളൊന്നും പുറത്തെത്തില്ല. മൊഴി നല്‍കിയവരുടെ വിവരങ്ങള്‍ പുറത്തു വരുന്നതിനെ അവരും എതിര്‍ക്കുന്നതോടെ പുറംലോകത്ത് എത്തുക വെറും ശുപാര്‍ശകള്‍ മാത്രമാകും എന്നാണ് വിവരം.

കമ്മറ്റിക്ക് മുന്നിലെത്തിയ മൊഴികളിലുള്ളത് ആരോപണമാണ്. അതുകൊണ്ട് തന്നെ അവ പുറത്തു വിടില്ല. മൊഴി നല്‍കിയവരുടെ വിശദാംശങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കുകയും ചെയ്യും.

സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോര്‍ട്ട് കൈമാറാനാണ് നീക്കം. 49-ം പേജിലെ 96-ം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും ഒഴിവാക്കും. അനുബന്ധവും പുറത്തുവിടില്ല. മൊഴി നല്‍കിയവരുടെ പേര് പുറത്തു വരാതിരിക്കാനാണ് ഇതും.

2017 ജൂലായ് 1നാണ് ചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയമിച്ചത്. രണ്ടര വര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31നാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആഗസ്റ്റ് 17-ന് പുറത്തുവിടുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. 233 പേജുള്ള റിപ്പോര്‍ട്ടാകും പുറത്തുവിടുകയെന്നും നേരത്തെ പരസ്യമാക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങള്‍ ഒഴിവാക്കിത്തന്നെയാണ് റിപ്പോര്‍ട്ട് വെളിച്ചംകാണുകയെന്നും വിവരമുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments