കോയമ്ബത്തൂര്‍: സയനൈഡ് നല്‍കി യുവതിയെ കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അരുംകൊല സ്ത്രീധനപീഡനത്തിന്റെ ഭാഗമായിട്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഊട്ടി കാന്തല്‍ സ്വദേശി ഇമ്രാന്‍ ഖാന്റെ ഭാര്യ ആഷിക പര്‍വീണി(22)നെ ആണ് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് കാപ്പിയില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ഇമ്രാന്‍ ഖാന്‍(27) ഭര്‍ത്തൃമാതാവ് യാസ്മിന്‍(47) ഇമ്രാന്റെ സഹോദരന്‍ മുക്താര്‍(24) ഖാലിഫ് എന്നിവരെയാണ് നീലഗിരി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
അതേസമയം ആഷികയുടേത് ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതികള്‍ ശ്രമിച്ചത്. മകളുടെ മരണത്തില്‍ സംശയം തോന്നിയ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതികള്‍ പിടിയിലായത്. മൃതദേഹം വീട്ടുകാരുടെ പരാതിയില്‍ പോസ്റ്റുമോർട്ടത്തിനയച്ചു. ഇതോടെ യുവതി ക്രൂരമർദ്ദനത്തിനിരയായതായി രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിദ്ധ്യവും കണ്ടെത്തി.
ബണ്ടിഷോല സ്വദേശിനിയായ ആഷികയും കാന്തല്‍ സ്വദേശിയായ ഇമ്രാന്‍ ഖാനും പ്രണയിച്ച് വിവാഹിതരായവരാണ്. 2021 ജൂലായ് 15-നായിരുന്നു ഇരുവരുടെയും വിവാഹം. ദമ്ബതിമാര്‍ക്ക് രണ്ടുവയസ്സുള്ള കുഞ്ഞും ഉണ്ട്. എന്നാല്‍, വിവാഹത്തിന് പിന്നാലെ ഇമ്രാന്റെ മാതാവ് യാസ്മിന്റെ നേതൃത്വത്തില്‍ സ്ത്രീധനപീഡനം നടന്നിരുന്നതായാണ് പരാതി.
സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഭൂമി വാങ്ങാനായി പണം വേണമെന്നും ഇതിനായി 20 ലക്ഷം രൂപ സ്ത്രീധനമായി നല്‍കണമെന്നുമായിരുന്നു ഇമ്രാനും സഹോദരന്‍ മുക്താറും മാതാവ് യാസ്മിനും യുവതിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ആഷികയുടെ മാതാപിതാക്കള്‍ക്ക് അത്രേം പണം നല്‍കാനായില്ല. ഇതോടെയാണ് പ്രതികള്‍ സയനൈഡ് സംഘടിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.