കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ ഉറങ്ങിക്കിടന്ന മകനെ അച്ഛന്‍ കുത്തിക്കൊന്നു. കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോടാണ് സംഭവം. പൂവാറൻതോട് സ്വദേശി ബിജു എന്ന ജോണ്‍ ചെറിയൻ ആണ് മകൻ ക്രിസ്റ്റിയെ ( 24 ) കുത്തികൊന്നത്.
ക്രിസ്റ്റി സ്ഥിരം മദ്യപിച്ച് വഴക്കുണ്ടാക്കുന്നയാളാണെന്നും ഇതേ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ക്രിസ്റ്റി ഉറങ്ങി കിടന്നപ്പോള്‍ ജോണ്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തിയാണ് കൊലപ്പെടുത്തിയത്. അതേസമയം മദ്യപിച്ച് ബന്ധുവീടുകളില്‍ പോയി ക്രിസ്റ്റി ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ക്രിസ്റ്റി ഒരു ബന്ധുവീട്ടില്‍ പോയി പ്രശ്‌നമുണ്ടാക്കി. തുടർന്ന് ജോണും സഹോദരനും ചേർന്നാണ് ഇയാളെ തിരികെ വീട്ടില്‍ കൊണ്ടുവന്നത്. പിന്നീട് വീട്ടിലെ എല്ലാവരും ഉറങ്ങിയ ശേഷമായിരുന്നു അച്ഛൻ മകനെ കൊലപ്പെടുത്തിയത്.
മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ജോണിനെ തിരുവമ്ബാടി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.