കോട്ടയം: കോട്ടയം മറ്റക്കര അകലകുന്നത്ത് രതീഷ് എന്ന യുവാവ് മര്‍ദനമേറ്റ് മരിച്ച കേസില്‍ വൻ ട്വിസ്റ്റ്. യുവാവിന്റെ ഭാര്യയുടെ കൂടി അറിവോടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി.murder in kottayam wife arrested
തുടർന്ന് രതീഷിന്റെ ഭാര്യ മഞ്ജുവിനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. രതീഷിന്റെ ഭാര്യ അകലക്കുന്നം തവളപ്ലാക്കല്‍ തെക്കേക്കുന്നേല്‍ മഞ്ജു ജോണിനെ (34) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു.
ഗൂഢാലോചന കുറ്റം ചുമത്തിയാണ് മഞ്ജു ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ സംസ്‌കാരത്തിന് വിദേശത്തു നിന്നും എത്തിയപ്പോഴാണ് യുവതിയെ അറസ്റ്റ് ചെയ്തത്. രതീഷിനെ മരക്കമ്ബ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീജിത്ത് എന്നയാളെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ചയായിരുന്നു മറ്റക്കര സ്വദേശി രതീഷ് കൊല്ലപ്പെടുന്നത്.
സ്കൂട്ടറില്‍ രതീഷ് വീട്ടിലേക്ക് വരുന്ന സമയം തവളപ്ലാക്കല്‍ കോളനിയിലേക്കുള്ള റോഡിന്റെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ശ്രീജിത്ത് സ്കൂട്ടർ തടഞ്ഞുനിർത്തി കയ്യില്‍ കരുതിയിരുന്ന മരക്കമ്ബ് കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. രതീഷിന്റെ കൈകാലുകളും, കഴുത്തും, വാരിയെല്ലുകളും അടിച്ചൊടിക്കുകയും, ചവിട്ടി ആന്തരികാവയവങ്ങള്‍ക്ക് കേടുവരുത്തി ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാളെ കുറവിലങ്ങാടിന് സമീപത്ത് നിന്നും പൊലീസ് സംഘം പിടികൂടുകയായിരുന്നു.
അതേസമയം മഞ്ജുവും ശ്രീജിത്തും ഏറെനാളായി അടുപ്പത്തിലായിരുന്നു. ഇതേച്ചൊല്ലി ശ്രീജിത്തുമായി രതീഷ് വഴക്കുണ്ടാക്കിയിരുന്നു. ഞായറാഴ്ച ഒരു മരണവീട്ടില്‍ വെച്ച് രതീഷിനെ ശ്രീജിത്ത് കണ്ടുമുട്ടി. ഇവനെ എനിക്ക് ഇഷ്ടപ്പെടുന്നില്ല. എന്തു ചെയ്യണമെന്ന് ശ്രീജിത്ത് വാട്സ് ആപ്പിലൂടെ മഞ്ജുവിനോട് ചോദിച്ചു. എന്തു വേണമെങ്കിലും ചെയ്തോയെന്ന് മഞ്ജു മറുപടി നല്‍കി.
ഇതേത്തുടർന്നാണ് രതീഷിനെ കൊലപ്പെടുത്താൻ ശ്രീജിത്ത് തീരുമാനിക്കുന്നത് എന്ന് പൊലീസ് പറഞ്ഞു. രതീഷ് കൊല്ലപ്പെട്ട ശേഷം വിവരം ശ്രീജിത്ത് മഞ്ജുവിനെ അറിയിക്കുകയും ചെയ്തിരുന്നു. ശ്രീജിത്തിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തില്‍ മഞ്ജുവിന്റെ പങ്ക് പൊലീസിന് വ്യക്തമായത്. തുടർന്ന് നാട്ടിലെത്തിയ മഞ്ജുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.