ചെന്നൈ: നവജാത ശിശുവിനെ കൊന്ന കേസില്‍ മാതാപിതാക്കള്‍ അടക്കം നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തുസ്.
കുഞ്ഞിന്റെ അച്ഛനായ സി.ജീവ (30), അമ്മ ഡയാന (25), ജീവയുടെ അമ്മ ബേബി (55), ഇവരുടെ ബന്ധു ഉമാപതി (50) എന്നിവരാണ് അറസ്റ്റിലായത്.
തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം നടന്നത്. വെറും എട്ടുദിവസം മാത്രം പ്രായമുള്ള ഇവരുടെ രണ്ടാമത്തെ പെണ്‍ കുഞ്ഞിനെ ആണ് ക്രൂരമായി കൊലപ്പെടുത്തിയത്.
പെണ്‍കുഞ്ഞ് ബാദ്ധ്യതയാകുമെന്ന് കരുതിയാണ് കൊല ചെയ്തതെന്ന് മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കി.
ഇവർക്ക് ഒരു മകള്‍ കൂടി ഉണ്ട്. രണ്ടാമത് ജനിക്കുന്നത് ആണ്‍കുട്ടി ആകണമെന്ന് ഇവർ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ രണ്ടാമത് ജനിച്ചതും പെണ്‍കുഞ്ഞായപ്പോള്‍ തനകൾക്ക് ബാദ്ധ്യതയാകുമെന്ന് ഭയന്ന് വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു.
പപ്പായ മരത്തിന്റെ പാല്‍ നല്‍കിയാണ് കൊന്നത്. തുടർന്ന് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപം കുഴിച്ചിടുകയായിരുന്നു. കുട്ടിയുടെ വായില്‍ നിന്ന് ചോര വന്നുവെന്നും അബോധാവസ്ഥയിലായ കുട്ടി പിന്നാലെ മരിക്കുകയായിരുന്നുവെന്നുമാണ് ഡയാനയുടെ പിതാവ് പറഞ്ഞത്.
സംശയം തോന്നിയ ഡയാനയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചപ്പോള്‍ ഡയാനയും ഭർത്താവും രഹസ്യമായി മുങ്ങി പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് സഹായം തേടി. സെക്രട്ടറിയാണ് പൊലീസില്‍ വിവരം അറിയിച്ചത്. മൃതദേഹം മറവ് ചെയ്തിരുന്ന സ്ഥലത്ത് നിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു.