ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയമാണ് രാജ്യത്ത് എംപോക്സ് വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അറിയിച്ചത്.mpox case confirmed in india
വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്സാണ് സ്ഥിരീകരിച്ചത്. രോഗബാധിതനായ യുവാവ് ഡൽഹിയിൽ ചികിത്സയിലാണ്.
വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം സന്ദർശിച്ച് ഇന്ത്യയിൽ തിരിച്ചെത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചത്. എംപോക്സ് വൈറസിന്റെ വകഭേദമായ വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ആണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രോഗി ആശുപത്രിയിൽ സമ്പർക്കവിലക്കിലാണെന്നും ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2022 ജൂലൈക്ക് ശേഷം ഒറ്റപ്പെട്ട 30 എംപോക്സ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പുതിയ കേസ് സമാനമായതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സൂചനകളൊന്നും നിലവിലെ എംപോക്സ് കേസിന് ഇല്ലെന്നും ആരോഗ്യ പ്രോട്ടോക്കോൾ അനുസരിച്ചുള്ള കോൺടാക്ട് ട്രേസിങ്, നിരീക്ഷണം, പൊതുജന ബോധവത്കരണം മുതലായ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.