തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയിട്ടില്ലെന്ന് മോഹൻലാല്‍. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം സ്ത്രീകൾ മലയാള സിനിമാ മേഖലയിലെ നടത്തിയ ലൈംഗികാരോപണങ്ങള്‍ കേരളത്തില്‍ വലിയ വിവാദമായിരിക്കെയാണ് താരസംഘടനയുടെ മുൻ പ്രസിഡന്റ് കൂടിയായ മോഹൻലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.mohanlal response on hema committee report and amma executive committee dissolve
റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കുള്ള അറിവ് മാത്രമേ തനിക്കുമുള്ളൂ. പവർ ഗ്രൂപ്പിനെ കുറിച്ച് താൻ ആദ്യമായാണ് കേട്ടത്. എന്തിനും ഏതിനും അമ്മയല്ല മറുപടി പറയേണ്ടത്. മലയാള സിനിമയെ തകർക്കുന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ എവിടേക്കും ഒളിച്ചോടിപ്പോയിട്ടില്ല. നിങ്ങളുടെയൊപ്പം നാല്‍പ്പത്തിയേഴ് കൊല്ലം സഞ്ചരിക്കുകയാണ്. വ്യക്തിപരമായ ചില കാരണങ്ങള്‍ കൊണ്ടാണ് വരാതിരുന്നത്. ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നു. പിന്നെ ബറോസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതുകൊണ്ടൊക്കെയാണ് വരാതിരുന്നത്.
മറ്റെല്ലാ സ്ഥലത്തും സംഭവിക്കുന്ന കാര്യങ്ങള്‍ സിനിമയിലും സംഭവിക്കുന്നു. അതിനെ ഞാൻ പ്രോത്സാഹിപ്പിക്കുകയല്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് വളരെയധികം സ്വാഗതാർഹമാണ്. ഞാൻ രണ്ട് തവണ ആ കമ്മിറ്റിയുടെ മുന്നില്‍ പോയിരുന്ന് സംസാരിച്ചയാളാണ്. എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ ഞാൻ മറുപടി പറഞ്ഞു. ഞാനൊരു നടനാണ്. ഞാനൊരു നിർമാതാവാണ്. എന്റെ സിനിമയെക്കുറിച്ച് അറിയാവുന്നതൊക്കെ പറഞ്ഞു. എന്നോട് ചോദിക്കുന്നത് സിനിമയെപ്പറ്റിയാണ്. അതെല്ലാം എനിക്ക് പറയാൻ സാധിക്കില്ല. എനിക്കറിയാവുന്ന കാര്യങ്ങളാണ് ഞാൻ ആ കമ്മിറ്റിയില്‍ പറഞ്ഞത്.
അമ്മ എന്ന് പറയുന്ന അസോസിയേഷൻ, ട്രേഡ് യൂണിയൻ സ്വഭാവമുള്ള അസോസിയേഷനൊന്നുമല്ല. അതൊരു കുടുംബം പോലെയാണ്. അഞ്ഞൂറോളം പേരുള്ള ഒരു കുടുംബം. അവരുടെ വെല്‍ഫെയറിന് വേണ്ടി തിരുവനന്തപുരത്തുനിന്ന് പത്ത് മുപ്പത് വർഷം മുമ്ബ് തുടങ്ങിയതാണ്. നമ്മുടെ കൂടെയുള്ളവർക്ക് നന്മയാകാൻ, അവർക്കൊരു പ്രശ്നമുണ്ടാകുമ്ബോള്‍ സഹായിക്കാനൊക്കെ വേണ്ടി തുടങ്ങിയതാണ്. പിന്നെ അതില്‍ ഒരുപാട് പേർ വന്നുചേർന്നു.
ഞാൻ തുടക്കം മുതല്‍ അതിലുള്ളയാളാണ്. കഴിഞ്ഞ രണ്ട് തവണ പ്രസിഡന്റായിരുന്നു. ഇപ്പോള്‍ എന്തുകൊണ്ട് അതില്‍ നിന്ന് മാറി എന്ന് ചോദിക്കുമ്ബോള്‍, ഇതിന് ഉത്തരം പറയേണ്ടത് മലയാള സിനിമ ഒന്നടങ്കമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പല കാര്യങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്തിനും ഏതിനും അമ്മയുടെ കമ്മിറ്റിയെ കുറ്റപ്പെടുത്തുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടത്.
അതില്‍ തെറ്റുകളുണ്ടാകാം. അതിനെപ്പറ്റി പിന്നെ സംസാരിക്കാം. അപ്പോള്‍ അങ്ങനെയുള്ള വിമർശനങ്ങള്‍ വന്നപ്പോള്‍, എല്ലാവർക്കും സംസാരിക്കാനുള്ള വേദിയാകണമെന്ന് കരുതി. അമ്മ എന്ന സംഘടനയാണ് മറുപടി പറയേണ്ടത്. ഞാൻ എന്റെ അഡ്വക്കേറ്റുകളും സിനിമയിലെ മുതിർന്നവരുമായൊക്കെ സംസാരിച്ചെടുത്ത തീരുമാനമാണ് മാറിനില്‍ക്കാമെന്നത്. അമ്മയുടെ പ്രവർത്തനങ്ങളൊന്നും നിർത്തിക്കൊണ്ടല്ല. ഞങ്ങള്‍ക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, അങ്ങനെ പല കാര്യങ്ങളും ചെയ്യാനുണ്ട്. അതില്‍ നിന്ന് പൂർണമായും ഒഴിഞ്ഞുമാറിയതല്ല. എല്ലാവരോടും അനുവാദം ചോദിച്ചിട്ടാണ് ചെയ്തത്.
സിനിമ മേഖലയില്‍ പതിനായിരക്കണക്കിനാളുകളാണ് ജോലി ചെയ്യുന്നത്. വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത മേഖലയാണ്. മറ്റ് ഭാഷകളിലേക്ക് പോകുമ്ബോഴാണ് മലയാള സിനിമയുടെ മഹത്വമറിയുന്നത്. ദയവ് ചെയ്ത് ഈ സിനിമ മേഖലയെ തകർക്കരുതെന്ന അപേക്ഷയുണ്ട്.
സർക്കാരുണ്ട്. കമ്മിറ്റിയുണ്ട്. പൊലീസുണ്ട്. ഇത് കോടതി വരെ എത്തിനില്‍ക്കുന്ന വിഷയമാണ്. അതിനാല്‍ ആധികാരികമായി അഭിപ്രായം പറയാൻ കഴിയില്ല. എനിക്ക് പറയാനുള്ളത്, പതിനായിരക്കണക്കിന് ജോലിക്കാരുള്ളതാണ്. സിനിമ മേഖല മുന്നോട്ട് ചലിക്കണം.’- മോഹൻലാല്‍ പറഞ്ഞു.