Wednesday, September 11, 2024
spot_imgspot_img
HomeNewsKerala Newsമുല്ലപ്പെരിയാറിൽ പുലിവാല് പിടിച്ച് മന്ത്രി റോഷി അഗസ്റ്റിൻ . റോഷിയുടെ പോലീസ് മോഡൽ വിരട്ടൽ തള്ളി...

മുല്ലപ്പെരിയാറിൽ പുലിവാല് പിടിച്ച് മന്ത്രി റോഷി അഗസ്റ്റിൻ . റോഷിയുടെ പോലീസ് മോഡൽ വിരട്ടൽ തള്ളി ഇടുക്കി രൂപത.വിഷയം രാഷ്ട്രീയവത്ക്കരിച്ച് സഭയെ കൂടെ നിർത്താൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്

കോട്ടയം – കേരളത്തിൻറെ നീറുന്ന ആശങ്കയായി മാറിയ മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ വെട്ടിലായി മന്ത്രി റോഷി അഗസ്റ്റിനും കേരള കോൺഗ്രസ് മാണി വിഭാഗവും.

മുല്ലപ്പെരിയാറിൽ ആശങ്ക പരത്തരുതെന്നും അത്തരക്കാർക്ക് എതിരെ സൈബർ പോലീസ് കേസ് എടുക്കും എന്നും മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞദിവസം ഇടുക്കിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. വയനാട് ദുരന്തത്തെ തുടർന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഡാമായ മുല്ലപ്പെരിയാറിനെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

ഇതോടെയാണ് ഇടുക്കി എംഎൽഎ കൂടിയായ മന്ത്രി റോഷി അഗസ്റ്റിൻ ഇടതു ജനാധിപത്യ മുന്നണിയുടെ ഭരണസഖ്യത്തിലെ അംഗമെന്ന രീതിയിൽ വിഷയം തണുപ്പിക്കാൻ പോലീസ് നടപടി എന്ന ഭയപ്പെടുത്തൽ അടവ് പുറത്തെടുത്തത്.പുതിയ അണക്കെട്ട് നിർമിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാൽ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ യുഡിഎഫ് ഘടകകക്ഷിയായ ‘ കേരള കോൺഗ്രസ് ആക്ടിങ് ചെയർമാൻ പിസി തോമസ് എക്സ് എംപിയും മുല്ലപ്പെരിയാറിന്റെ ഗൗരവം ബോധ്യപ്പെടുത്തി രംഗത്ത് വന്നു.

വിഷയത്തിന്റെ ഗൗരവം ജനപ്രതിനിധികൾ ഉൾക്കൊള്ളണം എന്ന നിലപാടോടെ ഇടുക്കി രൂപത രംഗത്ത് വന്നതാണ്
മന്ത്രി റോഷി അഗസ്റ്റിന് തിരിച്ചടിയായത്.ജനങ്ങളുടെ ആകുലത തിരിച്ചറിഞ്ഞ് ഉത്തരവാദിത്വത്തോട് കൂടി ജനപ്രതിനിധികൾ പ്രവർത്തിക്കണം.ആശങ്ക അകറ്റേണ്ടത് ജനപ്രതിനിധികളുടെ ചുമതലയാണെന്നും അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഇടുക്കി രൂപത വ്യക്തമാക്കി കഴിഞ്ഞു.

മന്ത്രി റോഷിയുടെ പോലീസ് മോഡൽ വിരട്ടൽ കത്തോലിക്കാ സഭ തള്ളിയെന്ന് വൃക്തം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി കുറയ്ക്കാൻ നടപടിയെടുക്കണമെന്നും പുതിയ ഡാം നിർമ്മിക്കണമെന്നും രൂപത അഭിപ്രായപ്പെടുന്നു.

മുല്ലപ്പെരിയാർ വിഷയത്തിൽ ഇടുക്കിയിൽ സമരം ആരംഭിക്കുമ്പോൾ മാറിനിൽക്കേണ്ട അവസ്ഥയിലാണ് കേരള കോൺഗ്രസ് എം. നേരത്തെ പ്രക്ഷോഭം നടത്തിയപ്പോൾ മുൻനിരയിൽ റോഷി ഉണ്ടായിരുന്നു. ഇക്കുറി മന്ത്രി ആയതിനാൽ കടുത്ത നിലപാടുകൾ എടുക്കാനാവില്ല. റബർ വിഷയത്തിൽ എന്നപോലെതന്നെ ഇക്കാര്യത്തിലും പാർട്ടി വല്ലാത്ത അനിശ്ചിത്വത്തിലാണ്.

മുല്ലപ്പെരിയാറിൽ അണക്കെട്ട് നിർമ്മിക്കാൻ തീരുമാനിച്ചുവെങ്കിലും പന്ത് തമിഴ്നാടിന്റെ കോർട്ടിലാണ്. ഇന്ത്യ മുന്നണി സഖ്യത്തിലെ ഘടകകക്ഷികളാണ് തമിഴ്നാട് ഭരിക്കുന്ന ഡിഎംകെയും സിപിഎമ്മും. പ്രശ്നം കോടതിയിലേക്ക് വിടാതെ ചർച്ച ചെയ്യാമെങ്കിലും തമിഴ്നാട് കടുംപിടുത്തം ഉപേക്ഷിക്കാൻ ഇടയില്ല.അതുകൊണ്ടുതന്നെ പ്രശ്നം കോടതിയിൽ എത്തിച്ച് തൽക്കാലം തലയൂരാനാവും കേരള സർക്കാർ ശ്രമിക്കുന്നത്.

എന്നാൽ തമിഴ്നാട് മുല്ലപ്പെരിയാറിൽ സംഭരിക്കുന്ന ജലത്തിൻറെ അളവ് കുറയ്ക്കണമെന്ന ഇടുക്കി രൂപതയുടെ ആവശ്യം സർക്കാരിന് തലവേദനയാവും.ഇക്കാര്യത്തിൽ അണുവിട വിട്ടുവീഴ്ചയ്ക്ക് തമിഴ്നാട് തയ്യാറല്ല.കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനസമൂഹത്തെ ബാധിക്കുന്ന മുല്ലപ്പെരിയാറിൽ വെറുതെ ഇരിക്കാനും കഴിയില്ല.

അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ട് കാര്യത്തിൽ അടുത്ത ആശങ്കയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത് വന്നു.ഈ വിഷയത്തിലും സുരേഷ് ഗോപിയുടെ ഇടപെടൽ ഉണ്ടാകുമെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.തൃശൂരിൽ കത്തോലിക്കാ സഭയുടെ പിന്തുണയിൽ ജയിച്ച് കയറിയ സുരേഷ് ഗോപിയും ബിജെപിയും ഇത് സുവർണ്ണാവസരമാക്കാനാണ് നീക്കം നടത്തുന്നത്.

ഇതും കേരള കോൺഗ്രസ് എമ്മിനും ഇടത് മുന്നണിക്കും തിരിച്ചടിക്ക് കാരണമാകാനാണ് സാധൃത.സഭാ നേതൃത്വവുമായി അദ്ദേഹം ചർച്ച നടത്താനാണ് നീക്കം. മുല്ലപെരിയാർ വിഷയത്തിൽ പരിഭ്രാന്തരായ ജനതയ്ക്ക് ആശ്വാസം പകരുന്നവരെ ആവും അവർ സ്വീകരിക്കുക. രാഷ്ട്രീയത്തേക്കാൾ ഉപരിയായി ഇത്തരം പ്രശ്നങ്ങളിലുള്ള ഇടപെടലുകൾ പെട്ടെന്ന് ജനങ്ങളുടെ പിന്തുണ നേടി നൽകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടലുകൾ.ഇടതുമുന്നണിയും മാണി ഗ്രൂപ്പും ഇത് മറികടക്കാനുള്ള മറുതന്ത്രം ആലോചിക്കുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments