തിരുവനന്തപുരം: രണ്ട് വർഷത്തെ കരാറിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മന്ത്രിസ്ഥാനം പാർട്ടി പറഞ്ഞാൽ ഒഴിയുമെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ല. തോമസ് കെ തോമസ് മാത്രമല്ല പാർട്ടിയിലെ എല്ലാവരും യോഗ്യരായ നേതാക്കളാണെന്നും എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.Minister AK Saseendran said that he is ready to resign if the party tells
‘ശരദ് പവാറിനെ കാണാൻ പോകുന്നുണ്ട്. ഞങ്ങൾ മൂന്നാളും പോകുന്നുണ്ട്. തോമസ് കെ തോമസ് എന്ത് പറയുമെന്ന് എനിക്കറിയില്ല. അദ്ദേഹം പറയേണ്ടത് പറയട്ടെ. നിലവിൽ ഞങ്ങൾക്കിടയിൽ അങ്ങനെയൊരു തർക്കമില്ല. തോമസ് കെ തോമസ് മാത്രമല്ല എല്ലാ നേതാക്കളും മന്ത്രിയാകാൻ യോഗ്യതയുള്ളവരാണ്. മന്ത്രിസ്ഥാനത്തോട് തനിക്ക് പിടിയുമില്ല വാശിയുമില്ല,’ എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
അതേസമയം എൻസിപി മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നേതാക്കളെ പാർട്ടി അധ്യക്ഷൻ ശരത് പവാർ ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രൻ, തോമസ് കെ തോമസ് എന്നിവരെയാണ് വിളിപ്പിച്ചത്. 20ന് ഡൽഹിയിൽ എത്താനാണ് നിർദേശം. എ കെ ശശീന്ദ്രനും ചർച്ചയിൽ പങ്കെടുത്തേക്കും.
മന്ത്രിസ്ഥാനം സംബന്ധിച്ച് തോമസ് കെ തോമസ് ആവശ്യം ശക്തമാക്കിയിട്ടുണ്ട്. തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാനാണ് എൻസിപി ആലപ്പുഴ ജില്ലാ ഘടകത്തിന്റെ നീക്കം.
ഈ മാസം 30നകം മന്ത്രിസ്ഥാനത്തിൽ തീരുമാനം വേണമെന്ന നിലപാടിലാണ് തോമസ് കെ തോമസ് വിഭാഗം. രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിൽ തനിക്ക് മന്ത്രിസ്ഥാനം ലഭ്യമാകണമെന്നും മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടെന്നും തോമസ് കെ തോമസ് പറഞ്ഞിരുന്നു.