കോട്ടയം: നാഷണൽ അസസ്‌മെൻറ് ആൻറ് അക്രഡിറ്റേഷൻ കൗൺസിലിൻറെ(നാക്) നാലാം സൈക്കിൾ റീ അക്രഡിറ്റേഷനിൽ എ++ ഗ്രേഡ് ലഭിച്ചതിനെത്തുടർന്ന് അക്കാദമിക്, ഗവേഷണ, സംരംഭകത്വവികസന മേഖലകളിൽ പ്രവർത്തനം വിപുലീകരിക്കാൻ മഹാത്മാ ഗാന്ധി സർവകലാശാല. mg university news
അടുത്ത പത്തു വർഷത്തിനുള്ളിൽ വിദേശ രാജ്യങ്ങളിൽനിന്നുൾപ്പെടെ പരമാവധി വിദ്യാർഥികളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.mg university news
നാക്കിൻറെ നിലവിലെ അവസാന ഗ്രേഡിംഗ് ഘട്ടമായ നാലാം സൈക്കിൾ റീ അക്രഡിറ്റേഷനിൽ രാജ്യത്ത് ആകെ 13 സർവകലാശാലകൾക്കാണ് എ++ ലഭിച്ചിട്ടുള്ളത്. ഈ പട്ടികയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ ഏക സർവകലാശാലയാണ് എം.ജി. ഇൻറേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിൻറെ നേതൃത്വത്തിൽ സർവകലാശാല സമൂഹം നടത്തിയ ചിട്ടയായ തയ്യാറെടുപ്പാണ് നേട്ടത്തിലേക്ക് നയിച്ചത്. നാക് ഗ്രേഡിംഗ് ആരംഭിച്ചതു മുതൽ മികച്ച ഗ്രേഡ് നിലനിർത്താൻ സർവകലാശാലയ്ക്ക് സാധിച്ചിട്ടുണ്ട്.
നാലാം സൈക്കിൾ വരെയുള്ള റീ അക്രഡിറ്റേഷൻ നടപടിക്രമങ്ങളിലൂടെ വിവിധ തലങ്ങളിൽ ഗണ്യമായി വളർച്ച നേടാനായി. എൻ.ഐ.ആർ.എഫ് റാങ്കിംഗിലും ടൈംസ് രാജ്യാന്തര റാങ്കിങ്ങിലും തുടർച്ചയായി മികവ് നിലനിർത്തിവരുന്നു. വിഖ്യാതമായ ക്യു.എസ് റാങ്കിംഗും സർവകലാശാല ലക്ഷ്യമിടുന്നു.
നാൽപ്പതാം വാർഷികാഘോഷത്തിൻറെ ഭാഗമായി കാമ്പസിൻറെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വിപുലീകരണത്തിനും സമ്പൂർണ മാലിന്യ നിർമാർജ്ജനത്തിനുമാണ് ഇതുവരെ മുൻഗണന നൽകിയത്. കാമ്പസിൻറെ മുഖഛായ മാറ്റാനും പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഉറപ്പാക്കാനും ഇതുവഴി സാധിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വലിയ പദ്ധതികൾ നിർവഹണ ഘട്ടത്തിലാണ്.
അക്കാദമിക സേവനങ്ങൾ വിപുലീകരിക്കുന്നതിൻറെ ഭാഗമായി വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ രാജ്യാന്തര കാമ്പസുകൾ തുടങ്ങുന്നതിനും മികച്ച വിദേശ സർവകലാശാലകളുമായി ചേർന്ന് ജോയിൻറ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾക്കും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
റെഗുലർ കോഴ്‌സുകൾക്ക് തുല്യമായ ഓൺലൈൻ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾ നടത്തുന്നതിന് സംസ്ഥാനത്ത് മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് മാത്രമാണ് യു.ജി.സിയുടെ അനുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ ഓൺലൈൻ എം.കോം കോഴ്‌സ് ആരംഭിച്ചു. നിലവിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ള എം.ബി.എ പ്രോഗ്രാമിന് മികച്ച പ്രതികരണം ലഭിക്കുന്നു.
ഇവയ്ക്കു പുറമെ അടുത്ത രണ്ടു വർഷത്തിനുള്ളിൽ എട്ട് ഓൺലൈൻ പി.ജി പ്രോഗ്രാമുകളും മൂന്ന് യു.ജി പ്രോഗ്രാമുകളും തുടങ്ങാൻ ഉദ്ദേശിക്കുന്നു. നാട്ടിലും വിദേശ രാജ്യങ്ങളിലും മറ്റും ജോലി ചെയ്യുന്നവർക്ക് അക്കാദമിക് യോഗ്യത വർധിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണ് ഇതുവഴി ലഭ്യമാകുക.
രാജ്യാന്തര തലത്തിലുള്ള വിദ്യാർഥികൾക്കായി ഇൻറർനാഷണൽ സെൻറർ നിർമ്മിക്കുന്നതിന് പ്രോജക്ട് സമർപ്പിച്ചിട്ടുണ്ട്. വിദേശ വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കാനും വിദ്യാർഥികൾക്ക് സെമസ്റ്റർ ഇൻ ഇന്ത്യ പ്രോഗ്രാം പോലുള്ള ക്രമീകരണങ്ങൾക്കും ഈ കേന്ദ്രം ഉപകരിക്കും. യൂണിവേഴ്സിറ്റിയുടെ കീഴിൽ പുതുതായി മാധൃമപഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഗവ. അംഗീകാരത്തിനായി
വിശദമായ പ്രോജക്ട് സമർപ്പിച്ചതായും വൈസ് ചാൻസലർ പറഞ്ഞു.
നാലു വർഷ ബിരുദ പ്രോഗ്രാമുകൾ അടുത്ത അക്കാദമിക് വർഷം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ പുരോഗതിയിൽ സർവകലാശാല സംസ്ഥാനത്ത് ഏറ്റവും മുന്നിലാണ്. നിലവിലുള്ള യു.ജി പ്രോഗ്രാമുകൾക്കു പുറമെ സർവകലാശാലാ കാമ്പസിൽ നാലു വർഷ ബിരുദവും ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകളും ആരംഭിക്കും.
കോമൺ ഇൻസ്ട്രുമെൻറേഷൻ കേന്ദ്രവും ഇൻറർ യൂണിവേഴ്‌സിറ്റി സെൻററുകളും പ്രവർത്തിക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള കൺവർജൻസ് അക്കാദമിയ കോംപ്ലക്‌സിലെ ക്രമീകരണങ്ങൾ സർവകലാശാലയിൽ സന്ദർശനം നടത്തിയ നാക് പിയർ ടീം പ്രത്യേകം പരാമർശിക്കുകയുണ്ടായി.
വിവിധ മേഖലകളിൽനിന്നുള്ള സാമ്പത്തിക സഹായത്തോടെ സംരംഭകത്വ വികസനത്തിനുള്ള ക്രമീകരണങ്ങൾ വിപുലീകരിക്കും. സർവകലാശാലയിൽ 2016ൽ പ്രവർത്തനമാരംഭിച്ച ബിസിനസ് ഇന്നവേഷൻ ആൻറ് ഇൻകുബേഷൻ സെൻറർ ഇതുവരെ വിദ്യാർഥികളുടെ 121 സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ ലഭ്യമാക്കി.
എംജിയു ഇന്നോവേഷൻ ഫൗണ്ടേഷൻ സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാക്കുന്ന കോവർക്കിംഗ് സൗകര്യങ്ങളും, പൈലറ്റ് പ്ലാൻറ് സൗകര്യങ്ങളും കൂടുതൽ വിപുലീകരിക്കും. സ്റ്റാർട്ടപ്പുകൾക്കും, ഗവേഷകർക്കും, വ്യവസായ ആവശ്യങ്ങൾക്കുമായി എംജിയുഐഎഫ് വികസിപ്പിച്ച ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ് സംവിധാനമായ പരമാസ്ത്ര വ്യവസായ മേഖലയ്ക്കായി വിപുലീകരിക്കും. അടുത്ത പത്തു വർഷത്തിനുള്ളിൽ 500 സ്റ്റാർട്ടപ്പുകളാണ് സർവകലാശാല ലക്ഷ്യമിടുന്നത്.
പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ വിവിധ കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന ഫണ്ടുകൾ വിനിയോഗിച്ചാണ് വികസന പദ്ധതികൾ നടപ്പാക്കുന്നത്. കേന്ദ്രീകൃത ലാബ് സമുച്ചയവും സൂസൺ മേബിൾ ഇൻഡോർ സ്റ്റേഡിയം ആൻറ് സ്‌പോർട്‌സ് കോംപ്ലക്‌സ് പദ്ധതിയും നിർമാണ ഘട്ടത്തിലാണ്.
പരീക്ഷകളുടെ നടത്തിപ്പ് സർട്ടിഫിക്കറ്റുകളുടെ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളിലും കാലോചിതമായ പരിഷ്‌കരണം നടപ്പാക്കുമെന്ന് വൈസ് ചാൻസലർ പറഞ്ഞു.
സിൻഡിക്കേറ്റ് അംഗം എ. ജോസ്, രജിസട്രാർ ഡോ. കെ. ജയചന്ദ്രൻ, ഐക്യുഎസി ഡയറക്ടർ ഡോ. റോബിനെറ്റ് ജേക്കബ്, ജോയിൻറ് ഡയറക്ടർ ഡോ. വി.പി. സൈലസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.