ലിവർപൂള്‍: കേരളത്തിൽ മുഴുവനും ഓണത്തിരക്കാണ്, എന്നാല്‍ മാവേലിയാകട്ടെ ഓണാഘോഷ വിളംബരവുമായി ആദ്യം യുകെയില്‍. ചോദിച്ചപ്പഴാകട്ടെ “പാതാളത്തിൽ നിന്നും ഡയറക്റ്റ് യുകെ യിലേക്ക് വന്നതാണെന്നും ഇവിടുത്തെ ജനങ്ങളെ കണ്ടിട്ട് വരാന്നും “
സമൂഹ മാധ്യമങ്ങളിൽ ലിവർപൂളില്‍ എത്തിയ മാവേലിയുടെ വിഡിയോ ഇപ്പോള്‍ വൈറലാണ്. ഓണാഘോഷ വിളംബരവുമായി വിറാള്‍ മലയാളി കമ്മ്യൂണിറ്റിയാണ് മാവേലിയെ നഗര മധ്യത്തില്‍ എത്തിച്ച് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്.
ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ 14 ന് വിറാള്‍ മലയാളി കമ്മ്യൂണിറ്റി നടത്തുന്ന ഓണാഘോഷ പരിപാടിയുടെ വിളംബരത്തിനായാണ് വിഡിയോ ഒരുക്കിയത്. മാവേലിയായി സംഘടനയുടെ മുൻ പ്രസിഡന്റ് ജോഷി ജോസഫ്, ലിവർപൂള്‍ മലയാളിയായി സംഘടനയുടെ സെക്രട്ടറി സിബി സാം തോട്ടത്തില്‍ എന്നിവരാണ് വേഷമിട്ടത്.
ശനിയാഴ്ച രാവിലെ 10 മുതലാണ് വിറാള്‍ ബെബിങ്ടണ്‍ ഹ്യൂം ഹാളില്‍ വെച്ച് ഓണാഘോഷം ആരംഭിക്കുന്നത്. യുകെ വർക്ക് ആൻഡ് പെൻഷൻസ് സഹമന്ത്രി അലിസണ്‍ മാക്ഗോവേണ്‍ ഓണാഘോഷ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘടനയുടെ പ്രസിഡന്റ് ജസ്വിൻ കുളങ്ങര അറിയിച്ചു. സിനിമ താരം ഋതു മന്ത്ര മുഖ്യാതിഥിയാകും.
ബ്രിട്ടിഷ് സമൂഹത്തില്‍ നിന്നടക്കം വലിയ സ്വീകരണമാണ് മാവേലിക്ക് ലിവർപൂള്‍ നഗരത്തില്‍ കിട്ടിയത്.ബ്രിട്ടിഷുകാർ ഉള്‍പ്പടെ നിരവധി ആളുകള്‍ മാവേലിക്ക് ഒപ്പം നിന്ന് ഫോട്ടോകള്‍ എടുക്കുകയും വിഡിയോകള്‍ പകർത്തുകയും ചെയ്തു.