Sunday, July 14, 2024
spot_imgspot_img
HomeNewsമാഞ്ചസ്റ്റർ ദുഖ്റാന തിരുന്നാൾ നാളെ…. വിഥിൻഷോ സെൻ്റ്. ആൻ്റണീസ് ദേവാലയവും പരിസരവും അണിഞ്ഞൊരുങ്ങി…. നാടും നഗരവും...

മാഞ്ചസ്റ്റർ ദുഖ്റാന തിരുന്നാൾ നാളെ…. വിഥിൻഷോ സെൻ്റ്. ആൻ്റണീസ് ദേവാലയവും പരിസരവും അണിഞ്ഞൊരുങ്ങി…. നാടും നഗരവും തിരുന്നാൾ ആഘോഷലഹരിയിൽ…..

മാഞ്ചസ്റ്റർ:- ദുഖ്റാന തിരുന്നാൾ നാളെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. തിരുക്കർമങ്ങൾ രാവിലെ 9.30മുതൽ ആരംഭിക്കും.എല്ലാ വഴികളും ആഘോഷം നടക്കുന്ന മാഞ്ചെസ്റ്റർ വിഥിൻഷോയിലെ സെൻ്റ് ആൻ്റണീസ് ദേവാലയത്തിലേക്ക്.
യുകെയുടെ മലയാറ്റൂർ ആയ മാഞ്ചസ്റ്ററിൽ പ്രധാന തിരുന്നാൾ ആഘോഷങ്ങൾ നാളെ നടക്കും. Manchester Duqrana Festival tomorrow

വിഥിൻഷോ സെൻറ് അന്റണീസ് ദേവാലയവും പ്രദക്ഷിണ വഴികളുമെല്ലാം കൊടിതോരണങ്ങളാൽ അലങ്കരിച്ചു മോടിപിടിപ്പിച്ചുകഴിഞ്ഞു.
ഇന്ന് വൈകുന്നേരം 5.30ന് നടക്കുന്ന ദിവ്യബലിക്ക് മിഷൻ മുൻ ഡയറക്ടറും ആഷ്ഫോർഡ് മാർ സ്ലീവാ ഡയറക്ടറുമായ റവ.ഫാ. ജോസ് അഞ്ചാനിക്കൽ നേതൃത്വം നൽകും.

ഇന്നത്തെ ദിവ്യബലിയിൽ മെൻസ് ഫോറം, വിമൻസ് ഫോറം, കൊയർ, സെൻ്റ് ബെനഡിക്ട് യൂണിറ്റ്, സേക്രട്ട് ഹാർട്ട് യൂണിറ്റ് എന്നിവർക്ക് വേണ്ടിയുള്ള പ്രത്യേക നിയോഗമാണ് ദിവ്യബലി.

മാഞ്ചസ്റ്റർ തിരുന്നാളിൽ സംബന്ധിക്കാനായി മറ്റ് സ്ഥലങ്ങളിൽ നിന്നും വിഥിൻഷോയിലെ ഭവനങ്ങളിലേക്ക് അതിഥികളെത്തിക്കഴിഞ്ഞു. നാട്ടിൽ നിന്നും യുകെയിലെത്തിയ മലയാളിക്ക് നഷ്ടപ്പെട്ടു പോകുമായിരുന്ന നാട്ടിലെ തിരുന്നാൾ ആഘോഷങ്ങളാണ് എല്ലാ വർഷവുമെന്ന പോലെ നാളെയും മാഞ്ചസ്റ്ററിൽ പുനരാവിഷ്‌ക്കരിക്കപ്പെടുന്നത്.

മലയാളി സമൂഹം പ്രാർത്ഥനയോടെ കാത്തിരിക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കെ എല്ലാം ഒരുക്കങ്ങളും പൂർത്തിയായതായി മിഷൻ ഡയറക്‌ടർ റവ. ഫാ. ജോസ് കുന്നുംപുറം അറിയിച്ചു.

രാവിലെ ഒൻപതിന് ദിവ്യബലിയിൽ കാർമ്മികരാകുന്ന വൈദികരെയും അൾത്താര സംഘാംഗങ്ങളെയും, പ്രസുദേന്തിമാരെയും ചെണ്ടമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ച് സെൻറ് ആന്റണീസ്‌ ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെയായിരിക്കും സിറോമലബാർ സഭയുടെ ഏറ്റവും അത്യാഘോഷപൂർവ്വമായ കുർബാന ക്രമമായ പരിശുദ്ധ റാസക്ക് തുടക്കമാകുന്നത്.

പ്രെസ്റ്റൺ സെൻ്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ ദേവാലയം വികാരി റവ. ഫാ.ബാബു പുത്തൻപുരയിൽ മുഖ്യ കാർമ്മികനാകുമ്പോൾ യുകെയുടെ പലഭാഗങ്ങളിൽ നിന്നായി എത്തിച്ചേരുന്ന വൈദികർ സഹ കാർമ്മികരാകും.
ദിവ്യബലിയെ തുടർന്നാണ് പൗരാണീകത വിളിച്ചോതുന്ന തിരുന്നാൾ പ്രദക്ഷിണം ആരംഭിക്കുക.

നൂറുകണക്കിന് മുത്തുക്കുടകളും പൊൻ – വെള്ളി കുരിശുകളുമെല്ലാം അകമ്പടി സേവിക്കുന്ന തിരുന്നാൾ പ്രദക്ഷിണത്തിൽ വിശുദ്ധ തോമാസ്ലീഹായുടെയും,വിശുദ്ധ അൽഫോൻസാമ്മയുടെയും, പരിശുദ്ധ ദൈവ മാതാവിൻ്റേയും, വിശുദ്ധ സെബാസ്‌ത്യാനോസിന്റേയും തിരുസ്വരൂപങ്ങൾ സംവഹിക്കും.

മേളപ്പെരുമഴ തീർത്തു വാറിംഗ്ടൺ ചെണ്ടമേളവും, ഐറീഷ് പൈപ്പ് ബാൻഡുമെല്ലാം പ്രദക്ഷിണത്തിൽ അണിനിരക്കുമ്പോൾ മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാകും തിരുന്നാൾ പ്രദക്ഷിണം.

യുകെയുടെ നാനാ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ നാളെ വിഥിൻഷോയിൽ എത്തിച്ചേരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പള്ളിയുടെ മുൻവശത്തു തയാറാക്കുന്ന കുരിശും തൊട്ടി ചുറ്റി പ്രാർത്ഥനക്ക് ശേഷമാകും പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിക്കുക. തുടർന്ന് വിശുദ്ധ കുർബാനയുടെ ആശീർവാദവും, പാച്ചോർ നേർച്ചയും, സ്നേഹവിരുന്നും ഉണ്ടായിരിക്കും.

യുകെയിൽ ആദ്യമായി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച മാഞ്ചസ്റ്റർ തിരുന്നാൾ അടുത്ത വർഷം ഇരുപതാണ്ട് പൂർത്തിയാക്കുകയാണ് അതിനാൽ ആഘോഷങ്ങൾക്ക് ഒട്ടും കുറവ് വരാത്തരീതിയിൽ ആണ് തിരുന്നാൾ കമ്മിറ്റി ഓരോ കാര്യങ്ങളും ക്രമീകരിച്ചിരിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്‌ടർ റവ. ഫാ. ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ചക്കാലമായി നടന്നുവരുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.

മിഷൻ ഡയറക്ട്ടർ റവ.ഫാ. ജോസ് കുന്നുംപുറം, കൈക്കാരന്മാരായ ട്വിങ്കിൾ ഈപ്പൻ, റോസ്ബിൻ സെബാസ്റ്റ്യൻ, ജോബിൻ ജോസഫ് എന്നിവരുടെയും, പാരിഷ് കമ്മിറ്റിയംഗങ്ങളുടേയും നേതൃത്വത്തിലാണ് തിരുന്നാൾ വിജയത്തിനായുള്ള ക്രമീകരങ്ങൾ നടന്നുവരുന്നത്.

ഗതാഗത തടസം ഉണ്ടാവാതിരിക്കുവാൻ വിപുലമായ ക്രമീകരങ്ങളാണ് തിരുന്നാൾ കമ്മറ്റി ഒരുക്കിയിരിക്കുന്നത്. പള്ളിയുടെ മുൻ വശങ്ങളിലും, പ്രദക്ഷിണം കടന്നു പോകുന്ന വഴികളിലും വാഹനങ്ങൾ പാർക്കുചെയ്യുവാൻ അനുവാദമുണ്ടായിരിക്കുന്നതല്ല. പള്ളിക്കു സമീപമുള്ള സെൻറ് അന്റണീസ് സ്കൂൾ ഗ്രൗണ്ടിലും, കോർണീഷ് മാൻ പബ്ബിൻ്റെ ഗ്രൗണ്ടിലുമായിട്ടാണ് വാഹങ്ങൾ പാർക്ക് ചെയ്യേണ്ടത്.

തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത്‌ വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് കുന്നുംപുറം സ്വാഗതം ചെയ്യുന്നു.

സെൻ്റ്. ആൻ്റണീസ് ദേവാലയത്തിൻ്റെ വിലാസം:-
St. Antony’s Church
Dunkery Road,
Wythenshawe
M22 0WR.

വാഹനങ്ങൾ പാർക്കു ചെയ്യേണ്ട സ്ഥലങ്ങൾ:-

St. Antony’s School Ground,
Dunkery Rd, Wythenshawe, Manchester M22 0NT

Cornishman Pub Ground,
Cornishway, Wythenshawe, Manchester M22 0JX.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments