ഡെര്‍ബി: മകനെ കാണാൻ നാട്ടില്‍ നിന്നും എത്തിയ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് യുകെയിലെ ഡെര്‍ബിയില്‍ അന്തരിച്ചു. ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയും, തലശ്ശേരി സെഷന്‍സ് കോടതി റിട്ടേര്‍ഡ് സൂപ്രണ്ടുമായ വരിക്കമാക്കല്‍ സ്‌കറിയ (67) ആണ് മരണപ്പെട്ടത്. റിട്ടയേര്‍ഡ് അദ്ധ്യാപികയായ ഭാര്യ സിസിലിയോടൊപ്പം ഡെര്‍ബിയില്‍ താമസിക്കുന്ന മകന്‍ സച്ചിന്‍ ബോസിന്റെ വീട് സന്ദര്‍ശിക്കുന്നതിനായിട്ടാണ് സ്‌കറിയ യുകെയിലേക്ക് എത്തിയത്.
ഒരു മാസം മുമ്പാണ് സച്ചിന്റെ മാതാപിതാക്കള്‍ യുകെയിയില്‍ എത്തിയത്. മകന്റെ കുടുംബത്തോടൊപ്പം സ്‌കോട്‌ലാന്‍ഡടക്കം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശനം നടത്തി കഴിഞ്ഞ ദിവസമാണ് ഡെര്‍ബിയില്‍ ഇവർ തിരിച്ചെത്തിയത്.
ഇന്നലെ വീട്ടില്‍ നിന്നും നടക്കുവാനായി പുറത്തേക്കു പോയ സ്‌കറിയ, തിരിച്ചു വരാന്‍ താമസിക്കുന്നതിനാല്‍ കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് വഴിയില്‍ ബോധരഹിതനായി വീണു കിടന്ന ഒരു ഏഷ്യക്കാരനെ ആംബുലന്‍സ് എത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയ വിവരം അറിയുവാന്‍ സാധിച്ചത്.
ഹോസ്പിറ്റലില്‍ എത്തിയപ്പോഴാണ് പിതാവ് മരണപ്പെട്ട വിവരം സച്ചിനും കുടുംബവും അറിയുന്നത്.ഇന്നലെ ഹോസ്പിറ്റല്‍ ചാപ്ലിന്റെ നേതൃത്വത്തില്‍ പരേതനുവേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തി.
മരണ വാര്‍ത്ത അറിഞ്ഞു ഫാ. ടോമി എടാട്ട് വീട്ടിലെത്തുകയും, പരേതനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.അന്ത്യ ശുശ്രുഷകള്‍ നാട്ടില്‍ നടത്തി വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി കുടുംബക്കല്ലറയില്‍ സംസ്‌കരിക്കുവാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. തുടർന്ന് ബോഡി നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കും.സച്ചിന്‍ (യുകെ) സഫിന്‍ (യുഎഇ) സാല്‍ബിന്‍ (ബാംഗ്ലൂര്‍) എന്നിവരാണ് മക്കൾ.