എരുമേലി : കേരളത്തിന്റെ മലയോര പ്രദേശങ്ങൾക്ക് ആകെ ഗതാഗതരംഗത്ത് വലിയ കുതിപ്പിന് ഇടയാക്കുന്ന കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കുമെന്നും, മലയോര ഹൈവേ കോട്ടയം ജില്ലയിലൂടെ കടന്നുപോകുന്ന എരുമേലി പ്ലാച്ചേരി ഭാഗം പുതിയ പാലങ്ങൾ ഉൾപ്പെടെ എത്രയും വേഗത്തിൽ നവീകരിച്ച് വികസനം യാഥാർത്ഥ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അഞ്ചു കോടി രൂപ വിനിയോഗിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീടാർ ചെയ്ത എരുമേലി ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് കൃഷ്ണകുമാർ യോഗത്തിൽ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ശുഭേഷ് സുധാകരൻ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയ കരാറുകാരനെ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി അഷറഫ് , മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, മറ്റ് ജനപ്രതിനിധികൾ രാഷ്ട്രീയ-സാമൂഹ്യ നേതാക്കൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
ശബരിമല തീർത്ഥാടന കാലത്തും മറ്റും ഏറെ പ്രയോജനപ്രദമായ ഈ റോഡിലൂടെ തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർ ഒഴികെയുള്ള മറ്റ് വാഹനങ്ങൾക്ക് എരുമേലി ടൗണിൽ പ്രവേശിക്കാതെ കടന്നുപോകാൻ കഴിയും എന്നുള്ളതിനാൽ എരുമേലിയുടെ ബൈപ്പാസ് ആയി ഈ റോഡ് ദീർഘദൂര യാത്രക്കാർക്കും സൗകര്യപ്രദമായി ഉപയോഗിക്കാൻ സാധിക്കും.
ഭാവിയിൽ നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് യാഥാർത്ഥ്യമാകുമ്പോൾ എയർപോർട്ടിന് ഏറ്റവും സമീപത്തുകൂടി വരുന്ന പ്രധാന റോഡെന്ന പ്രാധാന്യവും ഈ റോഡിന് കൈവരും. എരുമേലിയുടെ വികസനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിരിക്കുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായിട്ട് കൂടിയാണ് ബൈപ്പാസ് റോഡ് വികസിപ്പിച്ചിരിക്കുന്നത്.ബൈപ്പാസ് റോഡ് യാഥാർത്ഥ്യമായതോടുകൂടി ഈ പ്രദേശത്തെ ഗതാഗത രംഗത്തിന് വലിയ മുന്നേറ്റം കൈവന്നിരിക്കുകയാണ്.