ലണ്ടൻ: 2024-ലെ യുകെയിലെ സോഷ്യൽ വർക്ക് സ്റ്റുഡൻ്റ് ഓഫ് ദി ഇയർ അവാർഡിന് കൊല്ലം അഞ്ചൽ സ്വദേശി വിശാൽ ഉദയകുമാറിനെ തിരഞ്ഞെടുത്തു. ലണ്ടനിലെ ബ്രൂണൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയായ വിശാലിനെ കൂടാതെ, അതേ യൂണിവേഴ്‌സിറ്റിയിലെ മറ്റൊരു വിദ്യാർത്ഥിയായ ടിയാംഗ എന്‍ഗേല്‍ ഷോർട്ട്‌ലിസ്റ്റിൽ ഇടംപിടിച്ചു.
ഇംഗ്ലണ്ടിലെ സർവ്വകലാശാലകളിൽ നിന്നുള്ള മികച്ച സൃഷ്ടികൾ കാണിക്കുന്ന ഷോർട്ട്‌ലിസ്റ്റിലെ അഞ്ച് സ്ഥാനങ്ങളിൽ രണ്ടെണ്ണം മാസ്റ്റേഴ്സ് വിദ്യാർത്ഥികൾ നേടിയതായി ബ്രൂണൽ യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു. നവംബറിൽ ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ അന്തിമ ഫലം പ്രഖ്യാപിക്കും.
ഇതേ വിഭാഗത്തിലെ മുൻ ജേതാക്കളും കമ്മ്യൂണിറ്റി പ്രവർത്തകരും വ്യവസായ പ്രമുഖരും അടങ്ങുന്ന ഒരു സ്വതന്ത്ര ജൂറിയാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. സോഷ്യൽ വർക്കർ ഓഫ് ദി ഇയർ അവാർഡുകൾ ഇംഗ്ലണ്ടിലെ ഒരേയൊരു ദേശീയ സാമൂഹിക പ്രവർത്തക അവാർഡ് ചടങ്ങാണ്. പ്രതിവർഷം നൂറുകണക്കിന് അപേക്ഷകൾ സമർപ്പിക്കുന്നു.
വിശാൽ ഉദയകുമാർ യുകെയിൽ നിന്നുള്ള ലോക കേരള സഭാ പ്രതിനിധി, എസ്എഫ്ഐ യുകെ കമ്മിറ്റി അംഗം, മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറം യുകെയുടെ വിദ്യാർത്ഥി പ്രതിനിധി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടതിൽ സന്തോഷമുണ്ടെങ്കിലും തൻ്റെ ചിന്തകളും പ്രവർത്തനങ്ങളും വയനാട്ടിലെ ഉരുൾപൊട്ടലിൽ ഇരകളായവർക്കൊപ്പമാണെന്ന് വിശാൽ പ്രതികരിച്ചു.