യുകെയിലെ റെഡിച്ചില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു. 39 കാരിയായ സോണിയ അനിൽ ആണ് മരിച്ചത്. കോട്ടയം സ്വദേശിയാണ് സോണിയ. റെഡിച്ചിലെ അലക്‌സാന്ദ്ര ഹോസ്പിറ്റലിൽ നഴ്‌സായിരുന്നു സോണിയ. റെഡിച്ചിലെ കേരള കൾച്ചറൽ അസോസിയേഷൻ്റെ സജീവ അംഗമായിരുന്നു.രാജ്യത്ത് നിന്ന് തിരിച്ചെത്തി മണിക്കൂറുകൾക്ക് ശേഷമുള്ള വേർപാട് ബ്രിട്ടീഷ് മലയാളികളെ കണ്ണീരിലാഴ്ത്തി.
കാലിലെ ശസ്ത്രക്രിയയ്ക്കായി വീട്ടിലേക്ക് പോയി വന്നതിന് മണിക്കൂറുകൾക്ക് ശേഷമാണ് മരണം. ഞായറാഴ്ച രാവിലെ എട്ടരയോടെ റെഡിച്ചിലെ വീട്ടിലെത്തി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ശ്വാസം മുട്ടൽ അനുഭവപ്പെടുകയും, തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സോണിയയുടെ നിര്യാണത്തിൽ കെസിഎ റെഡ്ഡിച്ച് പ്രസിഡൻ്റ് ജയ് തോമസ്, സെക്രട്ടറി ജസ്റ്റിൻ തോമസ്, ട്രഷറർ ജോബി ജോൺ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
ഭർത്താവ് – അനിൽ ചെറിയാൻ.
മക്കൾ: ലിയ, ലൂയിസ്.