മലപ്പുറം: വീണ്ടും പി.ശശിക്കും എഡിജിപി അജിത്കുമാറിനും എതിരെ വിമർശനങ്ങളുമായി പി.വി.അൻവർ എംഎല്‍എ. എഡിജിപി ആര്‍എസ്‌എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി അവര്‍ മുഖ്യമന്ത്രിയെ ചതിച്ചു എന്ന് അൻവർ പറഞ്ഞു.loyalists cheated the cm pinarayi vijayan pv anwar with further disclosure
മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എം.എല്‍.എ. ഇക്കാര്യം പറഞ്ഞത്.
എ.ഡി.ജി.പി. അജിത് കുമാര്‍ ‘ആര്‍.എസ്.എസ്. നേതാവിനെ കണ്ടതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആ സമയത്തുതന്നെ നല്‍കിയിരുന്നെന്നും എന്നിട്ടുമെന്താണ് മുഖ്യമന്ത്രി അതില്‍ നടപടിയെടുക്കാതിരുന്നതെന്നും കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളായി സംസ്ഥാനത്ത് ചര്‍ച്ചയാണ്. ആ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചുവെന്നാണ് എന്റെ അന്വേഷണത്തില്‍, ചില പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്.’ -പി.വി. അന്‍വര്‍ പറഞ്ഞു.
‘സ്‌പെഷ്യല്‍ ബ്രാഞ്ച് രണ്ടാമത് അന്വേഷിച്ചപ്പോഴാണ് മുഖ്യമന്ത്രി ആ വിവരം അറിയുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമായിരിക്കും അത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിശ്വസിക്കുന്നവര്‍ ചതിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. വിശ്വസിച്ചവര്‍ ചതിച്ചോ എന്ന് മുഖ്യമന്ത്രി പരിശോധിക്കുകയാണ്.’ -അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെ പിന്തുണച്ചയാളാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഇതിനെതുടർന്ന് അദ്ദേഹത്തിന്റെ ആശ്രമം കത്തിച്ചു. ഈ കേസില്‍ പ്രതികളെ രക്ഷപ്പെടുത്താനാണ് പൊലീസ് നീക്കം നടത്തിയതെന്നും പി.വി അൻവർ ആരോപിച്ചു.
ആശ്രമം കത്തിച്ചത് ആർഎസ്‌എസുകാരാണെന്ന് സന്ദീപാനന്ദഗിരി പറഞ്ഞിട്ടും അവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചില്ല. ഈ കേസ് അന്വേഷിച്ച ഡിവൈഎസ്പിയാണ് കേസ് വഴി തിരിച്ചുവിട്ടത്. ഈ ഉദ്യോഗസ്ഥൻ വിരമിച്ച ശേഷം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ബൂത്ത് ഏജൻ്റ് ആയിരുന്നെന്നും പി വി അൻവർ പറഞ്ഞു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയതെന്നും അൻവർ കൂട്ടിച്ചേർത്തു.