ലേബര്‍ സര്‍ക്കാരിന്റെ കുടിയേറ്റം സംബന്ധിച്ച വിഷയത്തിലുണ്ടായ ‘സ്വര മാറ്റം’ യു കെ യൂണിവേഴ്സിറ്റികളിലേക്ക് കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ എത്താന്‍ കാരണമാകുന്നെന്ന് റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഈ മേഖലക്ക് പുത്തനുണര്‍വ് പകരുന്ന ഒന്നാണിത്.
കൂടാതെ ലേബര്‍ നയങ്ങളില്‍ വന്ന മാറ്റം വ്യാപകമായി വിദേശ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും വീക്ഷിക്കുന്നു എന്നാണ് ഇപ്പോള്‍ കോഴ്സുകളെ കുറിച്ച് ലഭിക്കുന്ന അന്വേഷണങ്ങളും, വിദേശത്തുള്ള റിക്രൂട്ടിംഗ് ഏജന്റുമാരുടെ പ്രതികരണവും തെളിയിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍മാരും അഡ്മിഷന്‍ ഓഫീസര്‍മാരും വ്യക്തമാക്കുന്നു.
കൂടാതെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയാന്‍ ഇടയാകുമായിരുന്ന മോശം സാഹചര്യം ഒഴിവാക്കാന്‍ കൃത്യസമയത്ത് തന്നെയാണ് നയമാറ്റം എത്തിയതെന്ന് ഒരു വൈസ് ചാന്‍സലറെ ഉദ്ധരിച്ചുകൊണ്ട് ദി ഗാര്‍ഡിയന്‍ എഴുതുന്നു. കഴിഞ്ഞ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ സ്റ്റുഡന്റ് വിസ നിയന്ത്രണങ്ങളുടെ സ്വാധീനം തുടര്‍ന്നും ഉണ്ടാകാന്‍ ഇടയുണ്ടെന്ന് മറ്റു ചിലര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഉണ്ട്.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഗാര്‍ഡിയന്‍സ് 2025 യൂണിവേഴ്സിറ്റി ഗൈഡില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഫീസിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നുണ്ട്. കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന യൂണിവേഴ്സിറ്റികള്‍ക്ക് തദ്ദേശീയ വിദ്യാര്‍ഹ്ഥികള്‍ക്ക് യു കെ സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ ഫീസില്‍ പഠന സൗകര്യം ഒരുക്കിയാലും പിടിച്ചു നില്‍ക്കാൻ കഴിയും.
ചുമതലയേറ്റ് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ വിദേശ വിദ്യാര്‍ത്ഥികളെ ബ്രിട്ടനിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് എഡ്യൂക്കേഷന്‍ സെക്രട്ടറി, ബ്രിജറ്റ് ഫിലിപ്‌സണ്‍ നടത്തിയ പ്രസംഗത്തെ യൂണിവേഴ്സിറ്റി ഓഫ് സറേ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ മാക്‌സ് ലു പ്രശംസിച്ചു.