ബംഗളൂരു: കൊല്‍ക്കത്തയിലെ ആർജി കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്.Kolkata lady doctor rape murder
ഡോക്ടറുടെ മൃതദേഹത്തില്‍ ആകെ 14ലധികം മുറിവുകളുണ്ട്. തല, കവിളുകള്‍, ചുണ്ടുകള്‍, മൂക്ക്, വലത് താടിയെല്ല്, താടി, കഴുത്ത്, ഇടതു കൈ, തോള്‍, കാല്‍മുട്ട്, കണങ്കാല്‍ എന്നിവയിലും സ്വകാര്യ ഭാഗങ്ങളിലുമാണ് ഈ മുറിവുകള്‍. ഇവയെല്ലാം തന്നെ മരണത്തിന് മുമ്ബ് ഉണ്ടായ മുറിവുകളാണ് എന്നും പോസ്റ്റ്മോർട്ടത്തില്‍ പറയുന്നു.
യുവതിയെ ശ്വാസം മുട്ടിക്കുന്ന തരത്തില്‍ കൈകൊണ്ട് കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. മരണം കൊലപാതകമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ജനനേന്ദ്രിയത്തില്‍ ഒരു ‘വെളുത്ത, കട്ടിയുള്ള ദ്രാവകത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടായതായും ശരീരത്തില്‍ രക്തം കട്ടപിടിച്ചതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ പരിശോധനയ്ക്കായി രക്തത്തിന്റെയും മറ്റ് ശരീര സ്രവങ്ങളുടെയും സാമ്ബിളുകള്‍ അയച്ചിട്ടുണ്ട്.
ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കളും സഹപ്രവർത്തകരും.
സംഭവത്തിന് പിന്നില്‍ ഉന്നതരുടെ ഇടപെടലുണ്ടെന്നാണ് ആരോപണം. കൊല്ലപ്പെട്ട ആർ.ജി.കാർ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടർക്ക് ‘പല കാര്യങ്ങളും അറിയാമായിരുന്നു’ എന്നാണ് സഹപ്രവർത്തകർ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.
ആശുപത്രി കേന്ദ്രീകരിച്ചു മരുന്നു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് പല കാര്യങ്ങളും അറിയാമായിരുന്നു എന്നുമാണ് സഹപ്രവർത്തകർ പറയുന്നത്. കൊലപാതകത്തിന് ഇതാകാം കാരണമെന്ന സംശയവും ഇവർ ഉയർത്തുന്നുണ്ട്.
കൊല്ലപ്പെട്ട ഡോക്ടറുടെ ഡയറിയില്‍ പല വിവരങ്ങളുമുണ്ടെന്നാണ് സഹപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ആശുപത്രിയുടെ ഭാഗത്തുനിന്നു വൻ സമ്മർദമുണ്ടായതായി ഡോക്ടർ ഡയറിയില്‍ എഴുതിയിരുന്നു എന്നും സഹപ്രവർത്തകർ വ്യക്തമാക്കുന്നു.
പിജി ട്രെയിനി ഡോക്ടറെ ആഗസ്റ്റ് 9 നാണ് ആശുപത്രി സെമിനാര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ പിറ്റേന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസിലെ സിവില്‍ വോളന്റിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തു. രാജ്യ വ്യാപകമായ പ്രതിഷേധം ശക്തമായതോടെ കൊല്‍ക്കത്ത ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിട്ടു. ജനരോഷത്തിനിടയില്‍, ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ സന്ദീപ് ഘോഷ് രാജിവച്ചിരുന്നു.