മലപ്പുറം: എസ്പി ഉള്‍പ്പെടെയുള്ള മലപ്പുറത്തെ പൊലീസുകാർ തന്നെ ബലാത്സംഗത്തിനിരയാക്കിയെന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്.kerala news sp sujit das raped when she came with the complaint
എസ് പി ആയിരുന്ന സുജിത്ത് ദാസിനും പൊന്നാനി എസ് എച്ച് ഒ ആയിരുന്ന വിനോദിനുമെതിരെയാണ് ആരോപണം.
രണ്ട് വർഷം മുമ്ബായിരുന്നു സംഭവം. ഒരു മാദ്ധ്യമത്തോടാണ് യുവതി ഇക്കാര്യം പറഞ്ഞത്. പി.വി അൻവർ വെളിപ്പെടുത്തിയതോടെയാണ് താനും തുറന്നു പറയുന്നതെന്ന് വീട്ടമ്മ പറഞ്ഞു. ഇന്നലെ പൊന്നാനിയിലെ സിപിഎം നേതാവിൻ്റെ വീട്ടിലെത്തിയ പിവി അൻവറിനെ അവിടെ പോയി കണ്ടിരുന്നുവെന്നും വീട്ടമ്മ പറഞ്ഞു.
വസ്തുസംബന്ധമായ പ്രശ്‌നം പരിഹരിക്കാനായി 2022ല്‍ പൊലീസിനെ സമീപിച്ചതോടെയാണ് താൻ എസ്ച്ച്‌ഒ മുതല്‍ എസ്പി വരെയുള്ളവരുടെ ലൈംഗിക പീഡനത്തിന് ഇരയായാതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
വസ്തു തർക്കവുമായി ബന്ധപ്പെട്ട് പൊന്നാനി സിഐ വിനോദിനാണ് ആദ്യം പരാതി നല്‍കിയത്. എന്നാല്‍ സിഐ വിനോദ് തന്നെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
എസ്പി സുജിത്ത് ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തെന്നും പരാതി പറയരുതെന്ന് സുജിത്ത് ദാസ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. മുഖ്യമന്ത്രി തൻ്റെ അങ്കിളാണെന്ന് പറഞ്ഞു. രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്ബോള്‍ ഒരു ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു. അത് കസ്റ്റംസിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നും അയാള്‍ക്ക് കൂടി വഴങ്ങണമെന്നും എസ്പി സുജിത്ത് ദാസ് ആവശ്യപ്പെട്ടു. എന്നാല്‍ താൻ സമ്മതിച്ചില്ലെന്നും വീട്ടമ്മ പറയുന്നു.
യുവതിയുടെ വാക്കുകൾ ഇങ്ങനെ…
‘പറയാൻ പോകുന്നത് ഞാൻ അനുഭവിച്ച വേദനയാണ്. ഞാൻ വിനോദ് സാറിന്റെ അടുത്ത് പരാതിയുമായി പോയി. വീടിന്റെ അവകാശത്തിന്റെ കാര്യത്തിനാണ് പോയത്. ഞാൻ അങ്ങോട്ട് വരാമെന്ന് സാർ പറഞ്ഞു. ഞാനും വീട്ടിലുള്ള പെണ്ണും തിണ്ണയില്‍ കിടക്കുകയായിരുന്നു. ഒമ്ബതര സമയത്ത് വാതിലില്‍ മുട്ടി, ഞാൻ തുറന്നു. ഇതാരാണെന്ന് കൂടെയുള്ള പെണ്ണ് ചോദിച്ചു. പൊന്നാനി സിഐ ആണെന്ന് ഞാൻ മറുപടി പറഞ്ഞു. ഞങ്ങള്‍ തിണ്ണയില്‍ ഇരുന്ന് സംസാരിച്ചു. രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞ് റൂമിലേക്ക് വിളിച്ചു. റൂമില്‍ ചെന്നപ്പോള്‍ കതക് അടയ്ക്കാൻ പറഞ്ഞു, ഞാൻ അടച്ചു. ബലമായി എന്നെ പിടിച്ചു എനിക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നു.
എന്താണ് വാതില്‍ തുറക്കാതിരുന്നത് എന്ന് കൂടെയുള്ള പെണ്ണ് ചോദിച്ചു. എനിക്ക് എല്ലാം മനസ്സിലായി, ഞാൻ രണ്ടു കുട്ടികളുടെ ഉമ്മയാണെന്ന് പറഞ്ഞു. വേറെ കാര്യമാണ് സംസാരിച്ചത് എന്ന് പറഞ്ഞ് അയാള്‍ പോയി. പിന്നീട് ഈ കേസ് സംബന്ധിച്ച് നിയമനടപടികള്‍ ഉണ്ടായില്ല. വീണ്ടും പരാതി എഴുതി ഡിവൈഎസ്പി ബെന്നിക്ക് നല്‍കി. ഡിവൈഎസ്പി ബെന്നി പരാതി മുഴുവൻ വായിച്ചു. അത് തേഞ്ഞു പോകില്ലല്ലോ അവിടെത്തന്നെ കാണുമല്ലോ എന്നും പറഞ്ഞു. പിന്നീട് വെറുതെ പറഞ്ഞതാണെന്ന് പറഞ്ഞു ചിരിച്ചു. കുറെ നാള്‍ ഇതിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായില്ല.
ഒരു ദിവസം ഡിവൈഎസ്പി സാധാരണ ഡ്രസ്സില്‍ വീട്ടില്‍ കയറി വന്നു. നിന്റെ കാര്യം ശരിയായിട്ടുണ്ട് എന്ന് പറഞ്ഞു, ഇരുന്ന് ജ്യൂസ് കുടിച്ചു. എന്നെ പിടിച്ചു വലിച്ചു, പക്ഷേ ഞാൻ വഴങ്ങിക്കൊടുത്തില്ല. എന്നെ ഉമ്മ വെച്ചശേഷം മടങ്ങിപ്പോയി. രണ്ടുമൂന്നു മാസത്തേക്ക് ഇത് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായില്ല.
പരാതി നല്‍കാനായി എസ്പിയുടെ ഓഫീസില്‍ മൂന്നുതവണ കയറിയിറങ്ങി. എന്റെ റൂമിലേക്ക് വരൂ അവിടെവച്ച് സംസാരിക്കാമെന്ന് എസ്പി പറഞ്ഞു. അവിടെവെച്ച് പീഡിപ്പിക്കപ്പെട്ടു. എന്റെ വീടും ശരിയായില്ല വിനോദ് ചെയ്തതിനും നടപടി ഉണ്ടായില്ല. മൂന്നുപേരും ചേർന്ന് എന്നെ മുതലാക്കി, എനിക്ക് നീതി ലഭിച്ചില്ല.
ഒരു ദിവസം എസ്പി വിളിച്ചു സംസാരിച്ചു. അക്കൗണ്ട് വിവരം ചോദിച്ചു. ഇഷ്ടമുള്ള അത്രയും പൈസ എടുത്തോളൂ എന്നു പറഞ്ഞു. പേടിയാണ് പൈസ വേണ്ടെന്ന് ഞാൻ പറഞ്ഞു. അയാള്‍ എന്നെ നിർബന്ധിച്ചില്ല, പിന്നീട് അതിനെക്കുറിച്ച് ഞാൻ ചിന്തിച്ചില്ല. അയാളുടെ ഓഫീസില്‍ വച്ചാണ് സംസാരിച്ചത്. സിറ്റൗട്ടിലിട്ട എന്റെ ചെരുപ്പ് അയാള്‍ അകത്തു കൊണ്ടുവന്നു. ഒന്നരമണി മുതല്‍ നാലര മണി വരെ അയാള്‍ എന്നെ ഉപദ്രവിച്ചു. അയാള്‍ മദ്യലഹരിയില്‍ ആയിരുന്നു, എന്നെയും കുടിക്കാൻ നിർബന്ധിച്ചു. പെണ്ണുങ്ങള്‍ക്കുള്ള ബിയർ ആണെന്ന് പറഞ്ഞെങ്കിലും ഞാൻ കുടിച്ചില്ല. പുറത്തു പറഞ്ഞാല്‍ പുറംലോകം ഇല്ലെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. രണ്ടു കുട്ടികള്‍ക്ക് ഉമ്മ ഇല്ലാതാക്കും എന്ന് പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഞാൻ പറഞ്ഞതിന് അപ്പുറം ഇല്ലെന്നാണ് എസ്പി പറഞ്ഞത്. മറ്റ് ഉദ്യോഗസ്ഥരും ഞാൻ പറയുന്നത് മാത്രമേ കേള്‍ക്കൂ എന്ന് പറഞ്ഞു. ഞാൻ ഒന്നും പറയില്ലെന്ന് തലയില്‍ കൈവെച്ച് സത്യം ചെയ്തു. കുറച്ചുദിവസം നല്ല വിഷമം ഉണ്ടായിരുന്നു, പിന്നെ അത് മറന്നു. വീണ്ടും പരാതിയുമായി പോയാല്‍ എന്നെ ഉപദ്രവിക്കില്ലേ. ഉപദ്രവിച്ച ആളുകളോട് തന്നെയല്ലേ പരാതി പറയേണ്ടത്.’
എസ്പി സുജിത്ത് ദാസിനെതിരെ പി.വി അൻവർ എംഎല്‍എ വെളിപ്പെടുത്തിയതോടെയാണ് താനും ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്ന് വീട്ടമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ പൊന്നാനിയിലെ സിപിഎം നേതാവിൻ്റെ വീട്ടിലെത്തിയ പിവി അൻവറിനെ അവിടെ പോയി കണ്ടിരുന്നുവെന്നും വീട്ടമ്മ പറഞ്ഞു.