കല്‍പ്പറ്റ: ഇന്നലെ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്ബലവയല്‍ സ്വദേശി ജെൻസണിന്റെ നില ഗുരുതരമായി തുടരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജെൻസൺ വെൻ്റിലേറ്ററിൽ കഴിയുകയാണ്. ഇന്നലെ വൈകുന്നേരം കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൺ.
അപകടത്തിൽ കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബത്തോടൊപ്പം കോഴിക്കോട്ടെ ബന്ധുവീട്ടിലേയ്ക്ക് പോവുകയായിരുന്നു ജെൻസണും ശ്രുതിയും. വാനിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. ഇവരടക്കം വാനിൽ ഉണ്ടായിരുന്ന ഏഴ് പേർക്കാണ് പരിക്കേറ്റത്. ബസ്സിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കുണ്ട്.
ജെൻസണിന് തലയ്ക്കും മുഖത്തുമാണ് ഗുരുതരമായി പരിക്കേറ്റത്. മുഖത്ത് പൊട്ടലുണ്ട്. കാലിന് ഒടിവുണ്ട്. ആന്തരിക രക്തസ്രാവം ഉണ്ടെന്നും ഡോക്‌ടർമാർ പറയുന്നു. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വിവരമുണ്ട്. ശ്രുതിക്ക് കാലിന് പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞദിവസം തന്നെ ശസ്ത്രക്രിയ നടന്നിരുന്നു.
വയനാട് ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനുജത്തി ശ്രേയ എന്നിവരെ കാണാതായിരുന്നു. ശ്രേയയുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. ബന്ധുവീട്ടിലായിരുന്നതിനാലാണ് ശ്രുതി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ജെൻസണുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തം.