തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പോലീസിനെ വെല്ലുവിളിച്ച് കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ.k sudhakaran against police secretariat march
പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുമ്പിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പോലീസ് പ്രതിഷേധക്കാർക്കെതിരേ നടത്തിയ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കിക്ക് അടക്കം പരിക്കേറ്റിരുന്നു. ഇതോടെ സ്ഥലത്തെത്തിയ കെപിസിസി അധ്യക്ഷൻ പോലീസിനുനേരെ തിരിയുകയായിരുന്നു.
‘‘പൊലീസ് ഉദ്യോഗസ്ഥരുണ്ടെങ്കില്‍ ഞാന്‍ അവരോടു പറയുകയാണ്. പൊലീസ് അല്ല പട്ടാളം വന്നാലും വെടിവച്ചാലും സമരം ഇവിടെ നില്‍ക്കില്ല. കയ്യാങ്കളി കളിച്ച് ആയുധം കാട്ടി ഭീഷണിപ്പെടുത്തി മര്‍ദിച്ച് ചോരവീഴ്ത്തി ഞങ്ങളെ ഒതുക്കാന്‍ നോക്കേണ്ട. അതിനു ശ്രമിക്കുന്ന ഓരോ പൊലീസുകാരനെയും ഞങ്ങള്‍ നാട്ടില്‍ വച്ച് കണ്ടുമുട്ടും. ഒരു സംശയവും വേണ്ട നാളെ മുതല്‍ നിങ്ങള്‍ നോക്കിക്കോളൂ.’’ – സുധാകരൻ പറഞ്ഞു.
എന്താണു പ്രവര്‍ത്തകര്‍ ചെയ്ത തെറ്റെന്നും സുധാകരന്‍ ചോദിച്ചു. ‘‘സിന്ദാബാദ് വിളിച്ചതാണോ പ്രശ്‌നം. മുദ്രാവാക്യം വിളിച്ചതിനു തലയ്ക്കടിച്ചു വീഴ്ത്തി കൊല്ലാനാണോ നോക്കുന്നത്. അങ്ങനെ നിയമമുണ്ടോ ഇവിടെ. ഏതു പൊലീസിനാണ് അതിന് അധികാരമുള്ളത്. അങ്ങനെ ആക്രമിച്ച പൊലീസുകാരെ വ്യക്തിപരമായി നേരിടാനാണു ഞങ്ങളുടെ തീരുമാനം. അപ്പോള്‍ കാണാം സിപിഎമ്മിന്. ഇത്തരത്തില്‍ സമരം അടിച്ചമര്‍ത്താന്‍ കഴിയില്ല. ഒരു അബിന്‍ വര്‍ക്കിയല്ല നൂറ് അബിന്‍ വര്‍ക്കിമാര്‍ വരും.
അതിനുള്ള കരുത്തു കോണ്‍ഗ്രസിനുണ്ട്. അത് ഓര്‍ക്കുന്നതാണ് നല്ലത്. പൊലീസുകാര്‍ അറസ്റ്റ് ചെയ്തു മാറ്റണം. അല്ലാതെ തലയ്ക്ക് അടിക്കുകയല്ല. പെണ്‍കുട്ടികളുടെ വസ്ത്രം വലിച്ചുകീറി നഗ്നത കാണലല്ല പൊലീസിന്റെ പണി. അഭിമാനമുള്ള അന്തസുള്ള എത്ര പൊലീസുകാരുണ്ട് ഈ കൂട്ടത്തില്‍. കാട്ടുമൃഗങ്ങളെ പോലെയല്ലേ തല്ലിയത്. പാര്‍ട്ടി സമരം ഏറ്റെടുക്കും.’’ – സുധാകരൻ പറഞ്ഞു.