ജോലിയില്ലാതെ, ആവശ്യത്തിന് വിദ്യാഭ്യാസമോ പരിശീലനമോ നേടാതെ യുകെയില്‍ കഴിയുന്ന 16 മുതല്‍ 24 വയസ്സ് വരെയുള്ളവരുടെ എണ്ണം 2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസ കാലയളവില്‍ 872,000 തൊട്ടതായി ഔദ്യോഗിക കണക്കുകള്‍. അംഗീകരിക്കാന്‍ കഴിയാത്ത തോതില്‍ തൊഴിലെടുക്കാത്തവരുടെ എണ്ണമേറുന്നത് തടയാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ്.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ആകെ 872,000 പേരാണ് ഈ പട്ടികയിലുള്ളതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും 74,000 വര്‍ദ്ധനവാണ് നേരിട്ടത്. 16 മുതല്‍ 24 വയസ്സ് വരെയുള്ള 12.2 ശതമാനം പേരാണ് ഈ പട്ടികയില്‍ തുടരുന്നതെന്ന് കണക്കുകള്‍ വിശദമാക്കുന്നു.
ഈ പട്ടികയിലുള്ള 66% യുവാക്കളും സാമ്പത്തികമായി ആക്ടീവല്ലാത്ത വിഭാഗത്തിലാണ്. ഇവര്‍ ജോലിക്കായി അന്വേഷണം പോലും നടത്തുന്നില്ല. കോവിഡിന് ശേഷമുള്ള പട്ടികയിലെ വര്‍ദ്ധനവിന് പ്രധാന കാരണം ഈ വിഭാഗത്തിന്റെ വര്‍ദ്ധനവാണ്.