കൊച്ചി : ഹേമ കമ്മീഷൻ സിനിമാ പീഡന വിവാദത്തിൽ തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ തന്നെ മാനസികമായി തകർത്തുവെന്ന് നടൻ ജയസൂര്യ. കുടുംബാംഗങ്ങളെ വിഷയം അഗാധ ദുഃഖത്തിലാഴ്ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിലുള്ള നടൻ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിലുടെയാണ് പ്രതികരിച്ചത്.
വിവാദത്തിനു ശേഷം ഇതാദ്യമായാണ് ജയസുര്യയുടെ പ്രതികരണം. ജന്മദിന പോസ്‌റ്റിനോട് അനുബന്ധിച്ചാണ് താരം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടി നൽകിയത് .
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
‘ഇന്ന് എന്റെ ജന്മദിനം. ആശംസകൾ നേർന്ന് സ്നേഹപൂർവം കൂടെ നിന്ന എല്ലാവർക്കും നന്ദി.വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി കുടുംബസമേതം അമേരിക്കയിലാണ്.
ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി എനിക്ക് നേരെ രണ്ട് വ്യാജ പീഡന ആരോപണങ്ങൾ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയെയും പോലെ എന്നെയും അത് തകർത്തു. എന്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി. എന്നെ ചേർത്ത് നിർത്തിയ ഓരോരുത്തർക്കും അത് വല്ലാത്തൊരു മുറിവായി, വേദനയായി. മരവിപ്പുകൾക്ക് ഒടുവിൽ ഞാൻ നിയമ വിദഗ്‌ധരുമായി കൂടിയാലോചനകൾ നടത്തി. ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചുകൊള്ളും.
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം.’