കേരളത്തെ തന്നെ ഞെട്ടിച്ച ജസ്ന തിരോധാനക്കേസിലെ പുതിയ വെളിപ്പെടുത്തൽ സിബിഐ പരിശോധിക്കും. മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരി മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലാണ് അന്വേഷിക്കുക. ജസ്നയോട് സാമ്യമുളള പെൺകുട്ടി മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയിരുന്നുവെന്നാണ് ജീവനക്കാരി അവകാശപ്പെട്ടത്.
ജീവനക്കാരിയുടെ മൊഴിയെടുത്ത് ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് സിബിഐയുടെ ശ്രമം. തിരുവനന്തപുരത്തുളള സിബിഐ സംഘം കാഞ്ഞിരപ്പളളി ഡിവൈഎസ്പി ഓഫീസ് വഴി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അതേസമയം കാണാതാകുന്നതിന് മുമ്പ് മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയത് ജസ്ന തന്നെയാണോ,ജസ്നയുടെ തിരോധാനത്തിന് ലോഡ്ജുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളക്കം അന്വേഷിക്കും.
ലോഡ്ജിനെപ്പറ്റി നേരത്തെ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് അജ്ഞാതനായ യുവാവിനൊപ്പം ലോഡ്ജിൽ വെച്ച് ജസ്നയെ കണ്ടെന്നാണ് മുൻ ജീവനക്കാരി പറയുന്നത്. ജസ്നയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലായിരുന്നു. ഇതാണ് ഈ മൊഴിയ്ക്ക് ബലമേകുന്നത്.
കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് അജ്ഞാതനായ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ലോഡ്ജിലെ മുൻ ജീവനക്കാരി പറഞ്ഞത്. ജസ്നയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്.
‘ ജസ്നയെന്ന് പത്രത്തിലെ പടം കണ്ടാണ് ഞാൻ തിരിച്ചറിഞ്ഞത്. രാവിലെ പതിനൊന്നരയോടെയാണ് പെണ്‍കുട്ടിയെ കാണുന്നത്. വെളുത്തുമെലിഞ്ഞ രൂപമായിരുന്നു. തലമുടിയില്‍ എന്തോ കെട്ടിയിട്ടുണ്ട്. റോസ് കളറുള്ള ചുരിദാറായിരുന്നു കുട്ടി ധരിച്ചിരുന്നത്. ടെസ്റ്റ് എഴുതാൻ പോകുവാണെന്നും കൂട്ടുകാരൻ വരാനുണ്ടെന്നും അതിനാലാണ് അവിടെ നില്‍ക്കുന്നതെന്നുമാണ് പെണ്‍കുട്ടി എന്നോട് പറഞ്ഞത്.
ഉച്ചയോടെ അജ്ഞാതനായ ഒരുയുവാവ് വന്ന് മുറിയെടുത്തു. രണ്ട് പേരും നാലുമണി കഴിഞ്ഞാണ് ഇറങ്ങിപോകുന്നത്. 102ാം നമ്ബർ മുറിയാണെടുത്തത്. വെളുത്തുമെലിഞ്ഞ രൂപമായിരുന്നു യുവാവിനും’ മുൻ ജീവനക്കാരി പറഞ്ഞു. സിബിഐ തന്നോട് ഇതുവരെ ഇതിനെക്കുറിച്ചൊന്നും ചോദിച്ചിട്ടില്ലെന്നും അവർ വെളിപ്പെടുത്തി.
അതേസമയം ജസ്നയെ കാണാനില്ലെന്ന വാർത്ത പടം സഹിതം പത്രത്തില്‍ വന്നപ്പോള്‍ ഇത് അന്ന് ഇവിടെവച്ചുകണ്ട പെണ്‍കുട്ടിയല്ലേ എന്ന് ലോഡ്ജ് ഉടമയോട് ചോദിച്ചപ്പോള്‍ ഇതിനെക്കുറിച്ച് ആരോടും ഒന്നും മിണ്ടരുതെന്ന് ഉടമ പറഞ്ഞിരുന്നുവെന്നും മുൻജീവനക്കാരി പറയുന്നുണ്ട്. എന്നാല്‍ തനിക്ക് പരിചയമുള്ള ചില പൊലീസുകാരാേട് വിവരങ്ങള്‍ പറഞ്ഞിരുന്നു എന്നും അവർ വ്യക്തമാക്കി.