ലണ്ടന്‍: ബ്രിട്ടന്‍ ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തു.30 എണ്ണമാന് 350 ലൈസന്‍സുകളില്‍ സസ്‌പെന്‍ഡ് ചെയ്തത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ഇസ്രയേല്‍ ലംഘിക്കുന്നുവെന്ന ആശങ്ക കാരണമാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമ്മി അറിയിച്ചു.
കൂടാതെ ആയുധ ഉപരോധമല്ല ഈ നടപടിയെന്നു ഡേവിഡ് ലാമ്മി വ്യക്തമാക്കി. ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നും യുകെ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. സുരക്ഷയ്ക്കായി ഇസ്രയേലിന് സ്വയം പ്രതിരോധിക്കേണ്ടതുണ്ടെന്ന് തിരിച്ചറിയുന്നതായി ലമ്മി പറഞ്ഞു.
ലേബര്‍ പാര്‍ട്ടി വിജയിച്ചതിന് പിന്നാലെ , ബ്രിട്ടന്റെ സഖ്യകക്ഷിയായ ഇസ്രായേലിനുള്ള ആയുധ വില്‍പ്പന അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.
സ്വയം പ്രതിരോധത്തിനുള്ള ഇസ്രയേലിന്റെ അവകാശത്തെ ബ്രിട്ടന്‍ പിന്തുണയ്ക്കുമെന്നും ,ബ്രിട്ടന്റെ ആയുധ കയറ്റുമതി ഇസ്രായേലിന് ലഭിക്കുന്ന മൊത്തം ആയുധങ്ങളുടെ ഒരു ശതമാനത്തില്‍ താഴെയാണെന്നും അതിനാല്‍ ഇസ്രയേലിന്റെ സുരക്ഷയെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
തീരുമാനം നിരാശാജനകമാണെന്നും ഹമാസിനും ഇറാനിലെ രക്ഷാധികാരികള്‍ക്കും ‘വളരെ പ്രശ്നകരമായ സന്ദേശമാണ്’ നല്‍കുന്നതെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി കാറ്റ്സ് പ്രതികരിച്ചു.2023 ഒക്ടോബര്‍ 7 ന് തുടങ്ങിയ ഇസ്രയേല്‍ – ഹമാസ് യുദ്ധം 10 മാസം പിന്നിടുമ്പോള്‍ ഗാസയില്‍ 40,476 പേര്‍ക്ക് ജീവന്‍ നഷ്ടമായി, 93,647 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.