തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യാ ഇൻഷുറൻസ് കമ്പനിയിലെ തീപിടിത്തത്തില്‍ മരിച്ച രണ്ടാമത്തെയാള്‍ വൈഷ്ണയുടെ കാമുകൻ ബിനുവെന്നതിന് പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു.
തീപിടുത്തത്തില്‍ ഓഫീസിലെ ജീവനക്കാരിയായ വൈഷ്ണയും കൊല്ലപ്പെട്ടിരുന്നു. യുവതി ബിനുവുമായി അകന്നതിലുള്ള പകതീർക്കാനാണ് ബിനു ഓഫീസിലെത്തി മണ്ണെണ്ണയൊഴിച്ച് തീയിട്ടതെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം, തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹം ബിനുവിന്റേത് തന്നെയെന്ന് ഉറപ്പിക്കണമെങ്കില്‍ ശാസ്ത്രീയ പരിശോധനാ ഫലം വരണം.
വൈഷ്ണയെ കുത്തിവീഴ്ത്തിയതിനുശേഷം തീകൊളുത്തുകയായിരുന്നുവെന്നും സംശയമുണ്ട്. തീപിടിച്ച മുറിയില്‍ നിന്ന് ഒരു കത്തി കണ്ടെത്തിയിരുന്നു. വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞതിനുശേഷം ബിനുവിനൊപ്പം താമസിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏഴുമാസമായി വൈഷ്ണയും ബിനുവും അകന്ന് കഴിയുകയായിരുന്നു. നാല് മാസം മുൻപും പാപ്പനംകോട്ടെ ഇൻഷുറൻസ് സ്ഥാപനത്തില്‍വച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ കെടുത്താൻ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയർഫോഴ്സ് എത്തിയാണ് പൂർണമായി അണച്ചത്. എ.സി പൊട്ടിത്തെറിച്ചതോ ഷോർട്ട് സർക്യൂട്ടോ ആകാം തീപിടിത്തതിന് കാരണമെന്നാണ് പൊലീസ് ആദ്യം കരുതിയതെങ്കിലും പരശോധനയില്‍ അതല്ലെന്ന് വ്യക്തമായി.