വാഷിങ്ടണ്‍: കുട്ടികളുടേയും സ്ത്രീകളുടേയുമടക്കം നിരവധി നഗ്നവീഡിയോകള്‍ പകർത്തിയ ഇന്ത്യൻ ഡോക്ടർ അമേരിക്കയില്‍ അറസ്റ്റില്‍.Indian doctor in US took thousands of images of naked adults and children
ഒമൈർ ഐജാസ് (41) എന്നയാളെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നൂറു കണക്കിന് സ്ത്രീകളുടേയും കുട്ടികളുടേയും നഗ്ന ചിത്രങ്ങളും വീഡിയോകളും ആണ് ഒളിക്യാമറ വഴി പകർത്തിയത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം സ്വന്തം വീട്ടിലെ രണ്ടുവയസ്സുള്ള കുട്ടികളുടെ വസ്ത്രങ്ങളില്ലാത്ത ദൃശ്യങ്ങളും ഇയാൾ പകർത്തിയതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഓഗസ്റ്റ് 8-നാണ് ഒമൈർ ഐജാസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ശൗചാലയം, വസ്ത്രം മാറുന്ന സ്ഥലം, ആശുപത്രി മുറി തുടങ്ങിയിടങ്ങളിൽ എല്ലാം ഇയാൾ ഒളിക്യാമറ സ്ഥാപിച്ച് വീഡിയോ പകർത്തിയിരുന്നു. സ്വന്തം വീട്ടിലും ഒളിക്യാമറ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അടക്കം സ്വകാര്യ ദൃശ്യങ്ങൾ ഇയാൾ പകർത്തിയിരുന്നു.
അസ്വസ്ഥപ്പെടുത്തുന്ന തെളിവുകളുമായി പ്രതിയുടെ ഭാര്യ പോലീസിനെ സമീപിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
വിഷയത്തില്‍ ശക്തമായ അന്വേഷണം വേണ്ടി വരുമെന്നും, അതിന് ശേഷം മാത്രമേ ഇതിന്റെ ആഴം എത്രത്തോളമെന്ന് മനസ്സിലാക്കാൻ സാധിക്കൂ എന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടില്‍ പറയുന്നു. മിഷിഗണിലെ റോച്ചസ്റ്റർ ഹില്‍സിലുള്ള പ്രതിയുടെ വീട്ടില്‍ നിന്ന് ആയിരത്തിലേറെ വീഡിയോകളുടെ ശേഖരം കണ്ടെടുത്തിട്ടുണ്ട്. ഇരകളുടെ പട്ടിക ഇനിയും നീളുമെന്ന് ഓക്ക്‌ലാൻഡ് കൗണ്ടി ഷെരീഫ് വ്യക്തമാക്കി.
കംപ്യൂട്ടറുകള്‍, ഫോണുകള്‍ എന്നിവയടക്കം 15-ഓളം ഉപകരണങ്ങള്‍ ഇദ്ദേഹത്തിന്റെ പക്കല്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഒരു ഹാർഡ് ഡ്രൈവില്‍ മാത്രം 13,000 വീഡിയോകളായിരുന്നു ഉണ്ടായിരുന്നത്.
ക്ലൗഡ് സ്റ്റോറേജിലും വീഡിയോകള്‍ ശേഖരിച്ചു വച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അതിനിടെ അബോധാവസ്ഥയിലുള്ളവരേയും ഉറങ്ങിക്കിടക്കുന്ന സ്ത്രീകളേയും ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോകളും ഇയാള്‍ പകർത്തിയതായി ഓക്ക്‌ലാൻഡ് കൗണ്ടി ഷെരീഫ് പറയുന്നു.