Monday, September 16, 2024
spot_imgspot_img
HomeNewsKerala Newsവിവാദം അവസാനിക്കാതെ ഹേമ കമ്മറ്റി റിപ്പോര്‍ട്ട്;റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഹേമ കമ്മിഷന്‍ അറിയിച്ചുവെന്ന് മുഖ്യമന്ത്രി;കത്തില്‍ അങ്ങനെ...

വിവാദം അവസാനിക്കാതെ ഹേമ കമ്മറ്റി റിപ്പോര്‍ട്ട്;റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഹേമ കമ്മിഷന്‍ അറിയിച്ചുവെന്ന് മുഖ്യമന്ത്രി;കത്തില്‍ അങ്ങനെ പറഞ്ഞിട്ടില്ല,നാലരവര്‍ഷം വേട്ടക്കാരെ ചേര്‍ത്തുപിടിച്ചുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണവും വിവാദമായിരിക്കുകയാണ്.Hema committee report without end of controversy

റിപ്പോർട്ടിൽ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉള്ളതിനാൽ പുറത്തുവിടാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഹേമ തന്നെ സർക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നൽകിയിരുന്നുവെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

അന്നത്തെ സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറിക്കാണ് ജസ്റ്റിസ് ഹേമ ഇത്തരത്തിൽ ഒരു കത്ത് നൽകിയത്. തങ്ങളുടെ കമ്മറ്റി മുൻപാകെ സിനിമാ മേഖലയിലെ ചില വനിതകൾ നടത്തിയത് തികച്ചും രഹസ്യാത്മകമായ വെളിപ്പെടുത്തലുകളാണ്.അതിനാൽ യാതൊരു കാരണവശാലും താൻ അടങ്ങുന്ന കമ്മറ്റി തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവിടാൻ പാടില്ലെന്ന് ജസ്റ്റിസ് ഹേമ കത്തിൽ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന വിവരങ്ങൾ പങ്കിടാൻ കഴിയാത്ത സാഹചര്യത്തിൽ വിവരാവകാശ നിയമ പ്രകാരം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് വന്ന അപേക്ഷകൾ സാംസ്കാരിക വകുപ്പിൻറെ മുഖ്യവിവരാവകാശ ഓഫീസർ നിരസിച്ചു.

അതിനെതിരെ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഒരു മാധ്യമപ്രവർത്തകൻ 2020ൽ തന്നെ വിവരാവകാശ കമ്മീഷനെ സമീപ്പിച്ചിരുന്നു. റിപ്പോർട്ടിൽ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉള്ളതിനാൽ വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്ന് 2020 ഒക്ടോബർ 22ന് കമ്മീഷൻ ചെയർമാൻ വിൻസൺ എം പോൾ ഉത്തരവിട്ടതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കമ്മിറ്റിയുടെ നിർദേശങ്ങളും പരിഹാര നടപടികളും പ്രത്യേക ഭാഗത്തായി നൽകിയിരുന്നില്ല. സാക്ഷിമൊഴികളും പരിശോധനാ വിധേയമാക്കിയതിൻറെ ഭാഗമായിട്ടാണ് റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നതിനാൽ വെളിപ്പെടുത്തേണ്ടവ ഏതെന്ന് വിഭജിച്ച് എടുത്ത് ചൂണ്ടിക്കാട്ടുക അസാധ്യമാണെന്നു നിരീക്ഷിക്കുക കൂടി ചെയ്തു കൊണ്ടാണ് റിപ്പോർട്ട് വെളിപ്പെടുത്താൻ നിർവാഹമില്ലെന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കിയത്.

2020ൽ പുറപ്പെടുവിച്ച ആ ഉത്തരവിനെ ഓവർ റൂൾ ചെയ്താണ് വിവരാവകാശ കമ്മീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്താൻ 2024 ജൂലൈ ഏഴിന് സർക്കാരിന് നിർദേശം നൽകിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോർട്ട് പുറത്തുവരുന്നത് ഒരു തരത്തിലും സർക്കാരിന് എതിർപ്പുളള കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രഹസ്യമായി സൂക്ഷിക്കണം എന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്ന ഒരു രേഖയാണ് പോലീസിന് ലഭിച്ചത് എന്നർഥം. ഈ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഇവിടെ വിശദീകരിച്ചു കഴിഞ്ഞു. ഇതിലെ ഏതെങ്കിലും വിഷയം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാർശ ഹേമ കമ്മിറ്റി വെച്ചിട്ടില്ല. അതിനപ്പുറം, മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണം എന്ന ആവശ്യവും ഉണ്ട്. 

ഒരുകാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മൊഴി നൽകിയ ഏതെങ്കിലും വനിത പരാതി നൽകാൻ തയ്യാറായി മുന്നോട്ടുവന്നാൽ സർക്കാരിൽ നിന്ന് ഉചിതമായ ഇടപെടലുണ്ടാകും. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കും. അതിൽ ഒരു തരത്തിലുള്ള സംശയവും ആർക്കും വേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം കാപട്യം നിറഞ്ഞതും സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍.

മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞ് എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുകയാണ്. ഒരു കാരണവശാലും റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഹേമ കമ്മിഷന്‍ അറിയിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അവര്‍ നല്‍കിയ കത്തില്‍ അങ്ങനെ പറഞ്ഞിട്ടില്ല. ആ കത്ത് പുറത്തുവരുമെന്ന് മുഖ്യമന്ത്രി കരുതിയില്ലെന്നും സതീശന്‍ പറഞ്ഞു.

റിപ്പോര്‍ട്ട് പുറത്തുവിടുമ്പോള്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദേശം പാലിക്കണമെന്നാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ ആവശ്യപ്പെട്ടത്. കത്ത് ദുര്‍വ്യാഖ്യാനം ചെയ്ത മുഖ്യമന്ത്രി മാപ്പുപറയണമെന്നും സതീശന്‍ പറഞ്ഞു.

ലൈംഗികി പീഡനക്കേസുകളില്‍ ഇരകളുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. അത് ഈ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി എടുക്കുന്നതിന് തടസ്സവുമല്ല. പോക്സോ നിയമപ്രകാരം കേസെടുക്കേണ്ട കാര്യം വരെ റിപ്പോര്‍ട്ടിലുണ്ട്. പോക്സോ നിയമപ്രകാരം കേസെടുക്കേണ്ട ഒരു കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞിട്ട് അത് മറച്ചുവയ്ക്കുകയോ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്താല്‍ അതൊരു ക്രിമിനല്‍ കുറ്റമാണ്.

നാലര വര്‍ഷം മുന്‍പ് ലഭിച്ച ഈ റിപ്പോര്‍ട്ട് വായിച്ച മുഖ്യമന്ത്രിയും സാംസ്‌കാരികവകുപ്പ് മന്ത്രിയും മുന്‍ മന്ത്രിയും ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നല്ലല്ലോ പറഞ്ഞത്. അന്വേഷണം നടത്തേണ്ടേ?. വാട്‌സ് ആപ് സന്ദേശങ്ങളും മൊഴികള്‍ അടങ്ങുന്ന പെന്‍ഡ്രൈവുകളും അടക്കം കൊടുത്ത തെളിവുകള്‍ നാലരവര്‍ഷം സര്‍ക്കാരിന്റെ കൈയില്‍ ഇരിക്കുകയാണ്. എന്നിട്ടും ഒരു അന്വേഷണവും നടത്തിയില്ല.

ഒരു കാരവന്‍ ഡ്രൈവര്‍ നടിയുടെ മുറിയില്‍ അതിക്രമിച്ചു കയറിയതായി പരാതി കൊടുത്തിട്ട് പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു.

മൊഴികളുടെയം തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന അന്വേഷണം സംഘം രൂപീകരിച്ച് നടപടി എടുക്കണം. വേട്ടക്കാര്‍ക്കെതിരെ പോരാടുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നാലരവര്‍ഷം വേട്ടക്കാരെ ചേര്‍ത്തുപിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

വേണ്ടപ്പെട്ട പലരും ഇതില്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. നടപടി എടുക്കാതിരിക്കാന്‍ നിയമപരമായ എന്തു തടസ്സമാണുള്ളതെന്നു പറയാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.

പ്രതികളാകേണ്ടവരെ കൂടി ഉള്‍പ്പെടുത്തി ഇരകളെയും ഉള്‍പ്പെടുത്തി കോണ്‍ക്ലേവ് നടത്തുന്ന നാണംകെട്ട സര്‍ക്കാരാണിത്. അന്വേഷണം നടത്തേണ്ടത് സര്‍ക്കാരിന്റെ നിയമപരമായ ബാധ്യതയാണ്.

ആ ബാധ്യത നിറവേറ്റാന്‍ ശ്രമിക്കാത്ത സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തുന്നത്. വേട്ടക്കാര്‍ക്കൊപ്പം നിന്ന് സര്‍ക്കാര്‍ ഇരകളെ ആക്രമിക്കുകയാണ്. റിപ്പോര്‍ട്ടിന്‍ മേല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. 

ഹേമ കമ്മിഷന്‍ എഴുതിയ കത്തിനെ കുറിച്ച് തെറ്റായി പറഞ്ഞതിലും മുഖ്യമന്ത്രി മാപ്പ് പറയണം. കത്ത് പുറത്തു വരില്ലെന്നു കരുതിയാണ് മുഖ്യമന്ത്രി നുണ പറഞ്ഞത്. വേട്ടക്കാരെ രക്ഷിക്കാനാണ് മുഖ്യമന്ത്രി നുണ പറയുന്നത്. റിപ്പോര്‍ട്ടിലെ വെളിപ്പെടുത്താത്ത ഭാഗങ്ങള്‍ വായിച്ചിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് ആരെ കബളിപ്പിക്കാനാണ്.

പക്ഷെ മുന്‍ മന്ത്രി എ.കെ ബാലന്‍ റിപ്പോര്‍ട്ട് വായിച്ചിട്ടില്ലെന്നു പറഞ്ഞിട്ടില്ല. കോവിഡ് ആയതു കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്നാണ് എ.കെ ബാലന്‍ പറഞ്ഞത്. അപ്പോള്‍ കോവിഡ് കാലത്ത് നടന്ന ലൈംഗിക ചൂഷണങ്ങളിലൊന്നും നടപടി എടുത്തിട്ടില്ലേ? 2019 ലാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് മറക്കരുത്. പൊലീസിന് റിപ്പോര്‍ട്ട് ചെയ്യാത്ത മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നടപടി ക്രിമിനല്‍ കുറ്റമാണ്. 

ഇരകളുടെ മൊഴിയുള്ളപ്പോള്‍ അന്വേഷണത്തിന് എന്ത് നിയമപരമായ തടസമാണുള്ളത്. നിയമപരമായ എന്ത് തടസമാണുള്ളതെന്ന് നിയമ മന്ത്രിയും മുഖ്യമന്ത്രിയും പറയട്ടെ. അങ്ങനെയെങ്കില്‍ തൊഴിലിടങ്ങളിലെ ചൂഷണങ്ങളിലൊന്നും നടപടി എടുക്കാനാകില്ലല്ലോ? വിചിത്രമായ വാദങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്.

കേരളത്തിന് അപമാനകരമാ ഈ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം. നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണ്. അതുകൊണ്ട് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം- പ്രതിപക്ഷ നേതാവ് പറഞ്ഞു.

സര്‍ക്കാരിന്റെ നിലപാട് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. കുറ്റം ചെയ്തവര്‍ എത്ര വലിയവരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നാണ് തങ്ങളുടെ നിലപാടെന്നും സതീശന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments