തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച്ച തുടർച്ചയായ മഴ എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ശക്തി കൂടിയ ന്യുനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഏഴുദിവസം തുടർച്ചയായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന തീവ്രന്യൂനമർദ്ദത്തിൻറെ സ്വാധീനവും വരും ദിവസങ്ങളിലെ കാലാവസ്ഥയും വിലയിരുത്തി മാത്രമേ മഴ എത്രത്തോളം ശക്തമാകൂ എന്നകാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകൂ.
കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്കും, ഒറ്റപെട്ട സ്ഥലങ്ങളില്‍ സെപ്റ്റംബർ 9 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇതിൻറെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യുനമർദ്ദം വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്കു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ഇന്ന് വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍, വടക്കൻ ഒഡിഷ, തീരത്തിന് സമീപം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത .
3 ദിവസങ്ങളില്‍ പശ്ചിമ ബംഗാള്‍, വടക്കൻ ഒഡിഷ, ജാർഖണ്ഡ് , ഛത്തീസ്‌ഗണ്ഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളില്‍ സെപ്റ്റംബർ 7 മുതല്‍ 9 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
08/09/2024 : എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
09/09/2024 : ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.