Thursday, July 25, 2024
spot_imgspot_img
HomeNews'ടി പി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാൻ ഗൂഢാലോചന നടന്നു,പട്ടിക തയ്യാറാക്കിയത് ചട്ടപ്രകാരമായിരുന്നു'; അത്തരമൊരു...

‘ടി പി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാൻ ഗൂഢാലോചന നടന്നു,പട്ടിക തയ്യാറാക്കിയത് ചട്ടപ്രകാരമായിരുന്നു’; അത്തരമൊരു നീക്കം നടന്നിട്ടില്ലെന്ന നിലപാടില്‍ അടിയന്തര പ്രമേയത്തിനും അനുമതി നല്‍കിയില്ല,ടിപി കേസ് പ്രതികളെ സിപിഎം ഭയക്കുന്നത് എന്തുകൊണ്ട്?

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ പേര് ശിക്ഷാ ഇളവിനുള്ള പട്ടികയിൽ ഉൾപ്പെട്ടതിൽ വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ഹൈക്കോടതി വിധി അറിഞ്ഞിട്ടില്ല എന്ന ജയിൽ മേധാവിയുടെ ന്യായീകരണവും വിശ്വസനീയമല്ല എന്നതും ആരോപണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായി.Government conspiracy to give TP case relief to accused

ഇത്രയും കോളിളക്കം സൃഷ്ടിച്ച കേസില്‍ പ്രതികളെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം വലിയ ആരോപണങ്ങള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തിലാണ് ഇത്തരമൊരു നീക്കം സർക്കാർ നടത്തിയത്. ജൂണ്‍ 13 നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സുപ്രണ്ട്, സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്തയച്ചത്.

സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന മാനദണ്ഡപ്രകാരം തടവുകാര്‍ക്ക് സ്‌പെഷ്യല്‍ റിമിഷന്‍ നല്‍കി വിട്ടയക്കാന്‍ വേണ്ടി തീരുമാനിച്ചെന്നും പ്രതികളുടെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് സഹിതം ഫയലുകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നുമായിരുന്നു കത്തില്‍.

പട്ടികയില്‍ സൂചിപ്പിക്കുന്ന പ്രതികളുടെ റിമിഷനായി പ്രതികളുടെ ബന്ധുക്കളുടേത് ഉള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിലേക്ക് അയക്കണമെന്നുമായിരുന്നു നിർദേശം.

പ്രതികളുടെ പേര് ശിക്ഷാ ഇളവിനുള്ള പട്ടികയിൽ  അബദ്ധത്തിൽ സംഭവിച്ചതാണെന്ന ജയിൽ മേധാവിയുടെ വാദം ജയിൽ സൂപ്രണ്ട് തള്ളിയിരുന്നു. ശിക്ഷാ ഇളവിനുള്ള പട്ടിക തയ്യാറാക്കിയത് ചട്ടപ്രകാരമെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു.

2022-ലെ ആഭ്യന്തര വകുപ്പിറക്കിയ ചട്ടം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്. അതിൽ ടി പി വധക്കേസ് പ്രതികളുടെ പേരുൾപ്പെട്ടിട്ടുണ്ട്. പൊലീസ്, പ്രൊബേഷൻ റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ അന്തിമ പട്ടിക നൽകൂവെന്നും ജയിൽ സൂപ്രണ്ട് വ്യക്തമാക്കി. പുതുക്കിയ പട്ടികയിൽ ടി പി വധക്കേസ് പ്രതികളില്ലെന്നായിരുന്നു ജയിൽ മേധാവി അറിയിച്ചത്.

ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള നീക്കത്തില്‍ സംസ്ഥാന സർക്കാറിനെതിരെ ടിപിയുടെ ഭാര്യയും ആർഎംപി നേതാവും എംഎല്‍എയുമായ കെ കെ രമ രംഗത്തെത്തി.

ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള നീക്കത്തിനെതിരായ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയ സ്പീക്കറുടെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് രമ ഉയർത്തിയത്. സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അവർ കടുത്ത ഭാഷയില്‍ വിമർശിച്ചു.

പ്രതികളെ വിട്ടയക്കാൻ നീക്കമില്ലെന്ന് സഭയില്‍ പറയേണ്ടത് മുഖ്യമന്ത്രിയായിരുന്നു, സ്പീക്കറല്ല. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഒരു പാട് ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. ചോദ്യങ്ങളെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും അവർ പറഞ്ഞു. ഞങ്ങള്‍ നിങ്ങളുടെ കൂടെ ഉണ്ടെന്ന സന്ദേശം സർക്കാർ പ്രതികള്‍ക്ക് നല്‍കുന്നു.

പ്രതികളെ സിപിഎം നേതൃത്വത്തിനു ഭയമാണ്. ഇത്രയധികം പരോള്‍ കിട്ടിയ മറ്റേത് പ്രതികളുണ്ട്. സിപിഎം നേതാക്കള്‍ പ്രതികളെ കാണാൻ ജയിലിലേക്ക് ഓടുന്നു. പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാൻ ഗൂഢാലോചന ഉണ്ടെന്നും അവർ ആരോപിച്ചു.

ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുന്നതാണ് സർക്കാർ നടപടി. പെരുമാറ്റ ചട്ടം നിലനില്‍ക്കെയാണ് ശിക്ഷ ഇളവിന് ശുപാർശ കത്തുകൊടുത്തത്. ആരുമറിയാതെ പ്രതികളെ പുറത്ത് വിടാൻ സർക്കാർ ഗൂഢാലോചന നടത്തി.

ക്രിമിനലുകളെ പ്രീതിപ്പെടുത്താനുള്ള നടപടിയാണിതെന്നും കെ കെ രമ ആരോപിച്ചു. പ്രതികളെ ജയില്‍ മോചിതരാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഗവർണറെ കാണുമെന്നും അവർ വ്യക്തമാക്കി.

സർക്കാരിന് പ്രതികളെ ഭയമാണ്. പ്രതികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ അവരുടെ വെളിപ്പെടുത്തലില്‍ നേതാക്കള്‍ ജയിലില്‍ ആവുമെന്ന ഭയം സംസ്ഥാന നേതൃത്വത്തിനുണ്ട്. കേരളം മുഴുവൻ വെറുത്ത പ്രതികളെ സന്തോഷിപ്പിക്കാനും പ്രീതിപ്പെടുത്താനുമാണ് വിട്ടയക്കാനുള്ള തീരുമാനമെന്നും കെ കെ രമ ആരോപിച്ചു.

കണ്ണൂർ സെൻട്രല്‍ ജയില്‍ സുപ്രണ്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് അയച്ച കത്തിന്റെ പകർപ്പും വാർത്താസമ്മേളനത്തില്‍ കെ കെ രമ ഉയർത്തിക്കാട്ടി. സർക്കാർ നിർദേശ പ്രകാരം വിട്ടയയ്‌ക്കേണ്ട പ്രതികളുടെ പട്ടിക ജയില്‍ ഉപദേശകസമിതി തയ്യാറാക്കിയപ്പോള്‍ ടി പി കേസിലെ മൂന്ന് പ്രതികളെ അതില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പൊലീസിന്റെ പ്രൊബേഷൻ റിപ്പോർട്ട് ലഭിച്ചാല്‍ സർക്കാരിന് ഉത്തരവിറക്കാനാകും. അതില്‍ ഗവർണർ ഒപ്പിടുന്നതോടെയാണ് പ്രതികള്‍ക്ക് പുറത്തിറക്കാനാവുക. ഈ സാഹചര്യത്തിലാണ് ഗവർണറെ കാണാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോഴാണ് കണ്ണൂർ സെൻട്രല്‍ ജയില്‍ സുപ്രണ്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നല്‍കിയതെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കെകെ രമ ആരോപിച്ചു.

ആരും അറിയാതെ പ്രതികളെ പുറത്തുവിടുകയെന്നതായിരുന്നു സർക്കാർ ഉദ്ദേശം. നിങ്ങളുടെ കൂടെയുണ്ടെന്ന് പ്രതികളെ ഓർമ്മിപ്പിക്കുകയായിരുന്നു സർക്കാറെന്നും അവർ പറഞ്ഞു.

പ്രതികളെ ജയില്‍ മോചിതരാക്കാനുള്ള സർക്കാർ നീക്കം നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കുകയും അടിയന്തര പ്രമേയത്തിന് അനുമതി തേടുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് സമൂഹത്തിലുണ്ടാക്കുന്ന ആശങ്ക സഭ നിർത്തിവെച്ച്‌ ചർച്ച ചെയ്യണമെന്നാണ് കെ കെ രമ എംഎല്‍എ അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

എന്നാല്‍ അത്തരമൊരു നീക്കം നടന്നിട്ടില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ നോട്ടീസ് പരിഗണിക്കാൻ കഴിയില്ലെന്നും സ്പീക്കർ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കുകയും പ്ലക്കാർഡ് ഉയർത്തി നടുത്തളത്തിലേക്ക് ഇറങ്ങുകയുമുണ്ടായി.

ടി പി കേസിലെ പത്ത് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി ഉത്തരവ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹെെക്കോടതി ശരിവെച്ചത്. പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഐഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍, റഫീഖ് എന്നിവരുടെ ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് 3 വര്‍ഷം കഠിന തടവുമാണ് 2014 ല്‍ വിചാരണക്കോടതി വിധിച്ചത്. പി കെ കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ മരിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments