തിരുവനന്തപുരം: ഇന്നലെ കഴക്കൂട്ടത്തുനിന്ന് കാണാതായ 13 വയസ്സുകാരിക്കായി കന്യാകുമാരിയില്‍ വ്യാപക തിരച്ചില്‍. കന്യാകുമാരി റെയില്‍വേ സ്റ്റേഷന്‍, ബീച്ച് പരിസരം തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പോലീസ് സംഘം തിരച്ചില്‍ തുടരുന്നത്. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് പരിശോധിച്ചെങ്കിലും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നാണ് സൂചന.
കന്യാകുമാരിയില്‍ കുട്ടി എത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ. ബെംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിലാണ് കുട്ടി തിരുവനന്തപുരത്ത് നിന്ന് യാത്രതിരിച്ചത്. ട്രെയിൻ വൈകിട്ട് 3.30നാണ് കന്യാകുമാരിയിലെത്തിയത്.
അതിനിടെ, ഇന്ന് പുലര്‍ച്ചെ കുട്ടിയെ കണ്ടതായി കന്യാകുമാരിയിലെ ഒരു ഓട്ടോഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കന്യാകുമാരി ബീച്ചിലും ടൗണിലും ഉള്‍പ്പെടെ കേരള പൊലീസും കന്യാകുമാരി പൊലീസും തെരച്ചില്‍ നടത്തുകയാണ്. അതേസമയം കുട്ടിയെ കാണാതായിട്ട് 26 മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതല്‍ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കുട്ടിയെ കണ്ടെത്താനാണ് പൊലീസ് ശ്രമം. ഇതുവരെ നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്താനായിട്ടില്ല. അതേസമയം, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലടക്കം മറ്റിടങ്ങളിലും പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ വീടുവിട്ടിറങ്ങിയ അസം സ്വദേശിയായ പതിമൂന്നുകാരി തസ്മിദ് തംസുമിനെ നാടാകെ അരിച്ചുപെറുക്കി തെരഞ്ഞിട്ടും ഇതുവരെ കണ്ടെത്താനായില്ല. അതിനിടെ ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ബാംഗ്ലൂർ – കന്യാകുമാരി ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്ന നിർണായക ദൃശ്യം പൊലീസിന് കിട്ടി.
കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാർത്ഥിനി നെയ്യാറ്റിൻകരയിൽ വെച്ച് പകർത്തിയ ചിത്രം തെരച്ചിലിന് നിർണായകമായി. ചിത്രത്തിലുള്ള തങ്ങളുടെ മകൾ തന്നെ ആണെന്ന് തസ്മിദ് തംസുമിന്റെ അച്ഛൻ സ്ഥിരീകരിച്ചു. തസ്മിദിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിനെ അറിയിക്കണം. അറിയിക്കേണ്ട നമ്പറുകൾ: 9497960113 / 9497980111.