പട്ന: നഴ്സായ യുവതിയെ ആശുപത്രിക്കുള്ളില്‍ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം. ബീഹാറിലെ സമസ്തിപൂർ ജില്ലയിലെ മുസ്രിഘരാരാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആർബിഎസ് ഹെല്‍ത്ത് കെയർ സെൻററിൽ ആണ് യുവതിക്കുനേരേ കൂട്ടബലാത്സംഗ ശ്രമം നടന്നത്.
ബുധനാഴ്ച്ച രാത്രിയിലാണ് ആർബിഎസ് ഹെല്‍ത്ത് കെയർ സെൻററില്‍ നഴ്സിന് നേരേ കൂട്ടബലാത്സംഗ ശ്രമം നടന്നത്. യുവതിയെ ഡോക്ടറും രണ്ട് കൂട്ടാളികളും ചേർന്നാണ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം ബ്ലേഡ് ഉപയോഗിച്ച് അറുത്തശേഷമാണ് യുവതി രക്ഷപെട്ടത്.
ജോലി കഴിഞ്ഞിറങ്ങാൻ തുടങ്ങിയ നഴ്‌സിനെ ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ ഡോ. സഞ്ജയ് കുമാറും രണ്ട് സുഹൃത്തുക്കളും ചേർന്ന് മദ്യലഹരിയില്‍ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ നഴ്സ് ഡോക്ടറുടെ ജനനേന്ദ്രിയത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചാണ് രക്ഷപ്പെട്ടത്. ആശുപത്രിയില്‍ നിന്നിറങ്ങിയോടി പുറത്തുള്ള പറമ്പില്‍ ഒളിച്ചിരുന്ന നഴ്സ് പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
ഉടനെ പൊലീസ് സംഘം സ്ഥലത്തെത്തി. ഡോക്ടർ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പാണ്ഡെ പറഞ്ഞു.