ന്യൂയോർക്ക്: യുഎസിലെ ടെക്‌സാസില്‍ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരിച്ചു. വെള്ളിയാഴ്ച അർക്കൻസാസിലെ ബെൻ്റൺവില്ലിലേക്കുള്ള യാത്രാമധ്യേയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന എസ്‌യുവി കാറിന് അപകടത്തെത്തുടർന്ന് തീപിടിക്കുകയും ശരീരം കത്തിക്കരിയുകയും ചെയ്തു.Four Indians-including a woman-have died in a massive crash involving five vehicles in US
അതേസമയം ആരൊക്കെയാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു. അമിതവേഗതയിൽ വന്ന ട്രക്ക് അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ചിരുന്ന എസ്‌യുവിയെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. അഞ്ചോളം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
ആര്യന്‍ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ഷെയ്ഖ്, ലോകേഷ് പാലച്ചര്‍ല, ദര്‍ശിനി വാസുദേവന്‍ എന്നിവരാണ് മരിച്ചത്. ഡാലസിലെ ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ആര്യന്‍ രഘുനാഥും സുഹൃത്ത് ഫാറൂഖ് ശെയ്ഖും. ലോകേഷ്, ബെന്റോന്‍വില്ലയിലുള്ള തന്റെ ഭാര്യയെ സന്ദർശിക്കുന്നതിന് പോകുകയായിരുന്നു. ടെക്‌സസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന ദര്‍ശിനി വാസുദേവന്‍ തന്റെ അമ്മാവനെ കാണുന്നതിനായി പോകുകയായിരുന്നു. കാര്‍ പൂളിങ് ആപ്പ് വഴിയാണ് ഒരുമിച്ച് യാത്രചെയ്തിരുന്നത് എന്നതിനാൽ ഇവരെ തിരിച്ചറിയാന്‍ സഹായകരമായി.
മാക്സ് അഗ്രി ജനറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ഉടമയാണ് ആര്യന്‍ രഘുനാഥിന്റെ പിതാവ്. ഇയാളുടെ സുഹൃത്ത് ഫാറൂഖ് ഷെയ്ഖും ഹൈദരാബാദ് സ്വദേശിയാണ്. തമിഴ്‌നാട് സ്വദേശിയായ ദര്‍ശിനി ടെക്‌സാസിലായിരുന്നു താമസം.