തിരുവനന്തപുരം: പത്തനംതിട്ട എസ്പി സുജിത്ത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗമാണ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സുജിത് ദാസിനെതിരായ നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോടും പോലീസ് മേധാവി അഭിപ്രായം ആരായും. ഐപിഎസ് ഉദ്യോഗസ്ഥനായതു കൊണ്ട് നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്.dgp darvesh sahib meet cm pinarayi vijayan-pv anvar allegations
പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിഐജി ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. പത്തനംതിട്ട എസ്പിയാണ് സുജിത്ത് ദാസ്. അതിനാലാണ് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കിയത്.
അതിനിടെ പി വി അന്‍വര്‍ എംഎല്‍എയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ സുജിത്ത് അവധിയില്‍ പ്രവേശിച്ചിരുന്നു. ഇന്ന് അവധി തീരും. നിലവിലെ പശ്ചാത്തലത്തില്‍ അവധി ദീര്‍ഘിപ്പിക്കാനുള്ള സാധ്യതയുണ്ട്.
എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരെ രണ്ട് കോടിയുടെ അഴിമതിയും സുജിത്ത് ദാസ് ഐപിഎസിനെതിരെ പൊലീസ് ക്യാമ്ബ് ഓഫീസിലെ മരം മുറിച്ചുകടത്തിയെന്ന ആരോപണവുമാണ് പി വി അന്‍വര്‍ എംഎല്‍എ ആദ്യം ഉന്നയിച്ചത്. തുടര്‍ന്ന് ഇന്നലെ എം ആര്‍ അജിത്ത് കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ അന്‍വര്‍ കടുപ്പിച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് കേരള പൊലീസ്. സുജിത്ത് ദാസിനെതിരെ നടപടി എടുക്കുകയാണെങ്കില്‍ അജിത്ത് കുമാറിനെതിരെയും നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അതേസമയം, എഡിജിപി എം ആർ അജിത് കുമാറിനെതിരെ പിവി അൻവർ എംഎല്‍എ ഉയർത്തിയ ആരോപണങ്ങള്‍ വിവാദമാകുന്നതിനിടെ മുഖ്യമന്ത്രിയും എഡിജിപിയും ഇന്ന് ഒരു വേദിയില്‍ എത്തും. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപനത്തിലാണ് മുഖ്യമന്ത്രിയും എഡിജിപിയും ഒന്നിച്ച് പങ്കെടുക്കുന്നത്. ഭരണപക്ഷ എംഎല്‍എ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ എഡിജിപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.