ന്യൂഡല്‍ഹി: മദ്യനയക്കേസിൽ ജയിൽ മോചിതനായ ശേഷം രാജി പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാൾ പറഞ്ഞു.Delhi Chief Minister Arvind Kejriwal announced his resignation
വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ദില്ലിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് കെജ്രിവാൾ പറഞ്ഞു.
ജയിലായാലും വഴങ്ങരുതെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കളോട് കെജ്രിവാൾ പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തെക്കാൾ ഏകാധിപത്യപരമാണ് കേന്ദ്രം. എല്ലാവിധ പിന്തുണയ്ക്കും നന്ദി. എഎപിക്ക് ദൈവത്തിൻ്റെ അനുഗ്രഹമുണ്ട്. താൻ രാജിവെക്കാതെ ഇരുന്നത് ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടിയാണ്.
ഒരോ വീടുകളിലും പോകുമെന്നും ജനങ്ങളുടെ അഭിപ്രായം തേടുമെന്നും കെജരിവാൾ പറഞ്ഞു. എംഎൽഎമാർ യോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. സിസോദിയയും മുഖ്യമന്ത്രിയാകില്ലെന്നും താനും സിസോസിദയും ജനങ്ങളെ കാണുമെന്നും കെജ്രിവാൾ അറിയിച്ചു.
ഈ വർഷം മാർച്ച് 21 മുതൽ തടവിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിന് രണ്ടു ദിവസം മുമ്പാണ് ജാമ്യം ലഭിച്ചത്. ഇഡി കേസിൽ സുപ്രീംകോടതി ജാമ്യം നൽകുന്നതിനു മുമ്പ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് കെജ്രിവാളിന് ജയിലിൽ തുടരേണ്ടി വന്നത്.
വിചാരണ ഉടനെ ഒന്നും പൂർത്തിയാകാൻ സാധ്യതയില്ലെന്നും അതിനാൽ ജാമ്യം നൽകുകയാണെന്നും രണ്ടംഗ ബഞ്ച് വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കരുത്, സെക്രട്ടറിയേറ്റിൽ പ്രവേശിക്കരുത്, ചില ഫയലുകൾ മാത്രമേ കാണാവൂ തുടങ്ങിയ മുൻകേസിലെ ജാമ്യ വ്യവസ്ഥകൾ തുടരും.
അറസ്റ്റിൻറെ കാര്യത്തിൽ ബഞ്ചിലെ രണ്ടു ജഡ്ജിമാർ ഭിന്ന വിധിയാണ് നല്കിയത്. ജസ്റ്റിസ് സൂര്യകാന്ത് സിബിഐ അറസ്റ്റിനോട് യോജിച്ചപ്പോൾ ജസ്റ്റിസ് ഉജ്ജൽ ഭുയ്യാൻ അതിരൂക്ഷ വിമർശനം ഉയർത്തി.
കേസ് രജിസ്റ്റർ ചെയ്ത് 22 മാസത്തിനു ശേഷമുള്ള അറസ്റ്റ് കെജ്രിവാൾ പുറത്തിറങ്ങുന്നത് തടയാനായിരുന്നു. രാജ്യത്തെ ഏറ്റവും പ്രധാന അന്വേഷണ ഏജൻസി സീസറുടെ ഭാര്യയെ പോലെ സംശയത്തിന് അതീതമാകണം. കൂട്ടിലടച്ച തത്തയെന്ന് സിബിഐയെ നേരത്തെ കോടതി വിശേഷിപ്പിച്ചതാണെന്നും ജസ്റ്റിസ് ഭുയ്യാൻ ഓർമ്മിപ്പിച്ചു. പാർട്ടിയെ ഒറ്റക്കെട്ടായി നിറുത്തിയവർക്ക് നന്ദി പറയുന്നു എന്ന് സുനിത കെജ്രിവാൾ പ്രതികരിച്ചു.