ഹൈദരാബാദ്: 21-കാരിയുടെ പരാതിയെ തുടർന്ന് നൃത്തസംവിധായകൻ ഷെയ്ക് ജാനി ബാഷ എന്ന ജാനി മാസ്റ്റർ അറസ്റ്റിയി . വിവിധ ലൊക്കേഷനുകളില്‍ വച്ച് പലതവണ ലൈംഗികാതിക്രമത്തിനിരയാക്കി എന്ന യുവതിയുടെ പരാതിയില്‍ റായ്ദുർഗ് പോലീസ് കേസെടുത്തിരുന്നു. ജാനി തമിഴ്, തെലുങ്ക് സിനിമകളിലെ പ്രശസ്തനായ കൊറിയോഗ്രാഫറാണ്.
രഞ്ജിതമേ( വാരിസ്), കവലയ്യ(ജയിലർ) തുടങ്ങിയ നിരവധി ഗാനങ്ങൾ ഇയാള്‍ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. പരാതിക്കാരിയായ യുവതി 2019 മുതല്‍ കൊറിയോഗ്രാഫർമാരുടെ അസോസിയേഷനില്‍ ഉണ്ടെന്നുമാണ് റിപ്പോർട്ട്. ലൈംഗികാതിക്രമത്തിനിരയാകുമ്പോൾ പെണ്‍കുട്ടി പ്രായപൂർത്തിയാകാത്തതിനാല്‍ പോക്‌സോ നിയമപ്രകാരവും ജാനിക്കെതിരെ കേസെടുത്തു.
കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് തെലുങ്ക് സിനിമാ ആൻഡ് ടിവി ഡാൻസേഴ്‌സ് അസോസിയേഷനില്‍ നിന്ന് ജാനിയെ പുറത്താക്കി. ഒളിവിലായിരുന്ന ഇയാളെ സെപ്റ്റംബർ 19ന് ബെംഗളൂരുവില്‍ സ്പെഷല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ജാനി തന്നെ ദീർഘകാലമായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിക്കാരിയായ കൊറിയോഗ്രാഫർ ആരോപിച്ചു. വിവിധ നഗരങ്ങളില്‍ നടന്ന പീഡനത്തിന്റെയും ആക്രമണത്തിന്റെയും സംഭവങ്ങള്‍ പരാതിയില്‍ വിശദമാക്കിയിട്ടുണ്ട്.
യുവതിയുടെ നർസിംഗിയിലുള്ള വസതിയില്‍ വച്ച് പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. ജാനി മാസ്റ്ററിന് എതിരെ ഇതിനുമുമ്പും പരാതികള്‍ ഉണ്ടായിട്ടുണ്ട്. തന്നെ ജാനി മാസ്റ്റർ ഉപദ്രവിച്ചു എന്ന് നർത്തകനായ സതീഷ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. 2019-ല്‍ ജാനി മാസ്റ്ററെ ആറ് മാസത്തെ തടവിന് ഹൈദരാബാദ് മെഡ്ചലിലെ ഒരു പ്രാദേശിക കോടതി ശിക്ഷിച്ചിരുന്നു.