തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം. ഓഫീസിനെയും പൊലീസിനെയും മുഖ്യമന്ത്രി കയറൂരി വിട്ടെന്നാണ് വിമർശനം ഉയർന്നത്.
അന്‍വറിന്റെ ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തണമെന്നും കമ്മിറ്റികളില്‍ റിപ്പോർട്ട് ചെയ്യണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
അതേസമയം ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമർശനമാണ് സമ്മേളനങ്ങളില്‍ ഉയരുന്നത്. കോടിയേരി ബാലകൃഷ്ണന്റെ അഭാവം ഇപ്പോഴാണ് മനസിലാകുന്നതെന്ന് ചില പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. പൊലീസിനെ നിയന്ത്രിച്ചില്ലെങ്കില്‍ സർക്കാരിന്റെ പ്രതിച്ഛായക്ക് തിരിച്ചടിയാവുമെന്നും വിമർശനം ഉയർന്നു.
അതേസമയം കടുത്ത ആരോപണങ്ങളിലൂടെ പി വി അൻവർ, സർക്കാരിനെ പ്രതിസന്ധിയില്‍ നിർത്തുന്നതിനിടെയാണ് ഇന്ന് സിപിഐ സംസ്ഥാന നിർവ്വാഹക സമിതി തിരുവനന്തപുരത്ത് ചേരുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എഡിജിപിക്കുമെതിരെ ഉയർന്ന ആരോപണങ്ങളില്‍ വലിയ അതൃപ്തിയിലാണ് സിപിഐ നേതൃത്വം.