Thursday, July 25, 2024
spot_imgspot_img
HomeNewsകോപ്പയില്‍ യുറുഗ്വേൻ കണ്ണീര്‍ : ഫൈനലില്‍ മെസ്സിപ്പടയെ നേരിടാന്‍ കൊളംബിയ, കൊളംബിയന്‍ ആരാധകരെ സ്‌റ്റേഡിയത്തില്‍ക്കയറി മര്‍ദിച്ച്...

കോപ്പയില്‍ യുറുഗ്വേൻ കണ്ണീര്‍ : ഫൈനലില്‍ മെസ്സിപ്പടയെ നേരിടാന്‍ കൊളംബിയ, കൊളംബിയന്‍ ആരാധകരെ സ്‌റ്റേഡിയത്തില്‍ക്കയറി മര്‍ദിച്ച് യുറഗ്വായ് താരങ്ങള്‍

ന്യൂജേഴ്‌സി: കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയെ കൊളംബിയ നേരിടും. രണ്ടാം സെമിയില്‍ യുറുഗ്വായ്‌യെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് കൊളംബിയ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ആദ്യ പകുതിയില്‍ ജെഫേഴ്‌സണ്‍ ലേമയാണ് കൊളംബിയയുടെ വിജയഗോള്‍ നേടിയത്.copa america 2024 colombia beats uruguay to face argentina in final

മത്സരത്തിന്റെ 39-ാം മിനിറ്റിലാണ് ഏകഗോള്‍ പിറക്കുന്നത്. സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസിന്റെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ വന്നത്. കൊളംബിയയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ റോഡ്രിഗസ് പെനാല്‍റ്റി ബോക്‌സിലേക്ക് കൈമാറുകയും ലേമ അത് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയുമായിരുന്നു.

ടൂര്‍ണമെന്റില്‍ റോഡ്രിഗസിന്റെ ആറാമത്തെ അസിസ്റ്റാണിത്. ഇതോടെ ഒരു കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നേടുന്ന താരമെന്ന റെക്കോര്‍ഡ് റോഡ്രിഗസ് സ്വന്തം പേരിലെഴുതിച്ചേര്‍ത്തു. 2021 കോപ്പയില്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ അഞ്ച് അസിസ്റ്റെന്ന റെക്കോര്‍ഡാണ് റോഡ്രിഗസ് പഴങ്കഥയാക്കിയത്.

ആദ്യപകുതിയുടെ അധികസമയത്ത് കൊളംബിയയുടെ ഡാനിയല്‍ മുനോസിന് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടിവന്നു. യുറുഗ്വായ്‌യുടെ ഉഗാര്‍ട്ടയുടെ നെഞ്ചില്‍ കൈമുട്ട് കൊണ്ട് ഇടിച്ചതിനാണ് റഫറി രണ്ടാം മഞ്ഞക്കാര്‍ഡ് ഉയര്‍ത്തിയത്. 31-ാം മിനിറ്റില്‍ അരോജോയെ ഫൗള്‍ ചെയ്തതിന് മുനോസ് നേരത്തെ ഒരു മഞ്ഞക്കാര്‍ഡ് വഴങ്ങിയിരുന്നു. ഇതോടെ രണ്ടാം പകുതിയില്‍ പത്ത് പേരുമായാണ് കൊളംബിയ പൊരുതിയത്. മുന്‍തൂക്കം മുതലെടുത്ത് യുറുഗ്വായ് പൊരുതിയെങ്കിലും രണ്ടാം പകുതിയില്‍ ഗോളൊന്നും പിറന്നില്ല. ഇതോടെ കൊളംബിയ ഫൈനലിലേക്ക് പ്രവേശിച്ചു.

അതേസമയം കോപ്പ അമേരിക്ക സെമി ഫൈനലില്‍ തോല്‍വിക്കു പിന്നാലെ കൊളംബിയന്‍ ആരാധകരെ മര്‍ദിച്ച് യുറഗ്വായ് താരങ്ങള്‍. യുറഗ്വായുടെ ലിവര്‍പൂള്‍ താരം ഡാര്‍വിന്‍ നൂനസ് ഉള്‍പ്പെടെയുള്ളവരാണ് കാണികള്‍ക്കുനേരെ തിരിഞ്ഞത്. നൂനസ് മറ്റു താരങ്ങള്‍ക്കൊപ്പം സ്‌റ്റേഡിയത്തിലെ ഇരിപ്പിടത്തിലേക്ക് കയറിച്ചെന്ന് കൊളംബിയന്‍ ആരാധകരെ ഇടിക്കുന്നത് വീഡിയോയില്‍ കാണാം. സെമിയില്‍ യുറഗ്വായ് ഒരു ഗോളിനാണ് കൊളംബിയയോട് തോറ്റത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

നൂനസും സംഘവും കാണികളുടെ അടുത്തെത്തി അവരെ മര്‍ദിക്കുന്നതാണ് വീഡിയോ. ബാഴ്‌സലോണയുടെ റൊണാള്‍ഡ് അറോജോ, അത്‌ലറ്റിക്കോ മാഡ്രിഡ് താരം ജോസ് മരിയ ജിമെനെസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. തര്‍ക്കം മുറുകിയതോടെ പോലീസ് സംഘവും സുരക്ഷാ ജീവനക്കാരുമെത്തി സ്ഥിതിഗതി ശാന്തമാക്കി. താരങ്ങളെ പോലീസ് അകമ്പടിയോടെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. തുടര്‍ന്ന് ഫീല്‍ഡില്‍ മടങ്ങിയെത്തിയ യുറഗ്വായ് താരങ്ങള്‍ കൊളംബിയന്‍ താരങ്ങളുടെ അധിക്ഷേപത്തിനിരയായ തങ്ങളുടെ കുടുംബങ്ങളെ കണ്ടു.

സ്‌റ്റേഡിയത്തില്‍ യുറഗ്വായ് കളിക്കാരുടെ കുടുംബങ്ങള്‍ ഇരുന്നിടത്താണ് ആരാധകര്‍ തമ്മില്‍ തര്‍ക്കമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments