ലണ്ടന്‍: സെക്യുര്‍ ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ്റിന് ഇനി പുതിയ മാറ്റങ്ങള്‍ .യുകെ ഹോം ഓഫിസ് ആണ് മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത് . ഹോം ഓഫിസ് അംഗീകാരമുള്ള ഒന്നിലധികം ഏജന്‍സികള്‍ നടത്തുന്ന നിലവിലെ ടെസ്റ്റുകള്‍ക്ക് പകരമായി ഒരു ഏജന്‍സി മാത്രം രൂപകല്പന ചെയ്ത ഹോം ഓഫിസിന്റെ അധികാര പരിധിയിലുള്ള ടെസ്റ്റായിരിക്കും ഉണ്ടാവുക.
മാത്രമല്ല ഏകദേശം 1.13 ബില്യന്‍ പൗണ്ട് കരാര്‍ മൂല്യം കണക്കാക്കുന്ന ഈ ടെസ്റ്റ് രണ്ട് സര്‍വീസ് ലൈനുകളായിട്ടാകും നടത്തുക. ആഗോള തലത്തില്‍ ഉപയോഗിക്കുന്നതിനുള്ള ഹോം ഓഫിസ് ബ്രാന്‍ഡഡ് ടെസ്റ്റും അതോടൊപ്പം ലോകത്താകെ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യമൊരുക്കലും ഉണ്ടാവും.
നിലവിലുള്ള ചോദ്യ മോഡലുകള്‍ക്ക് പകരം യുകെ ഹോം ഓഫിസ് ബ്രാന്‍ഡഡ് മോഡലില്‍ കൂടുതല്‍ ആഴത്തിലുള്ള ടെസ്റ്റിങ് രീതിയായിരിക്കും ഉണ്ടായിരിക്കുക . ടെസ്റ്റിനായി ബുക്ക് ചെയ്യല്‍, ഫലം അറിയാന്‍ കഴിയുക, വിവിധ ഫിസിക്കല്‍ ടെസ്റ്റ് സെന്ററുകള്‍, നിരീക്ഷകരുടെ വിവരങ്ങള്‍, ഐഡി വെരിഫിക്കേഷന്‍ സര്‍വീസ് എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം പുതിയ സംവിധാനത്തില്‍ ഉൾപ്പെടുത്തും.
നിലവില്‍ പിയേഴ്‌സണ്‍, ഐഇഎല്‍ടിഎസ്, എസ്ഇഎല്‍ടി കണ്‍സോര്‍ഷ്യം, ലാംഗ്വേജ് ചെര്‍ട്ട്, ട്രിനിറ്റി കോളേജ് ലണ്ടന്‍ എന്നിവരാണ് ഹോം ഓഫിസിന്റെ അംഗീകാരമുള്ള എസ്ഇഎല്‍ടികള്‍ യുകെയില്‍ ഉണ്ടാവുക . യുകെയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ പിയേഴ്‌സണ്‍, ഐഇഎല്‍ടി, എസ്ഇഎല്‍ടി കണ്‍സോര്‍ഷ്യം, ലാംഗ്വേജ് സെര്‍ട്ട്, പിഎസ്‌ഐ സര്‍വീസസ് ലിമിറ്റഡ് എന്നിവരാണ് ടെസ്റ്റുകള്‍ നല്‍കുന്നത്.