കൊച്ചി: യുവനടി നടൻ സിദ്ദിഖിനെതിരെ നല്‍കിയ പരാതിയില്‍ കേസെടുത്ത് പോലീസ്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. മ്യൂസിയം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.Case Against Siddique
ഡിജിപിക്ക് ഇമെയില്‍ മുഖേനെ നല്‍കിയ പരാതിയില്‍ ആണ് നടപടി. ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്. 2016 ജനുവരിയില്‍ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടിയെ ബലാത്സംഗം ചെയ്തു എന്നാണ് എഫ്‌ഐആറിൽ പറയുന്നത് .
യുവനടി ഇന്നലെ വൈകുന്നേരമാണ് ഡിജിപിക്ക് ഇ മെയില്‍ വഴി പരാതി നല്‍കിയത്. ആ പരാതി ഉടന്‍ തന്നെ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.ബലാത്സംഗ കുറ്റവും ചുമത്തിയതിനാല്‍ സിദ്ദിഖിനെ പോലീസ് അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജയില്‍ വാസം ഒഴിവാക്കാന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനിവാര്യതയാണ്.
സിനിമയില്‍ അവസരം വാദ്ഗാനം ചെയ്തായിരുന്നു പീഡനം. സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ നടി വിഷയം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കൂസാതെ യുവനടിയെ വെല്ലുവിളിച്ച സിദ്ദിഖ് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചു.
ഒടുവില്‍ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ ആണ് നടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സിദ്ധിക്കിന്റെ പേരെടുത്ത് പറഞ്ഞ് ആരോപണം ആവർത്തിച്ചത്. പിന്നാലെ താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജി വെച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണ് സിദ്ദിഖ് അമ്മക്ക് അയച്ച കത്തിൽ പറയുന്നത്.