നടൻ ജയസൂര്യക്കെതിരെവീണ്ടും പരാതി. തിരുവനന്തപുരം സ്വദേശിനിയായ യുവ നടി പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെയാണ് പരാതി നൽകിയത്. ജയസൂര്യ ഷൂട്ടിങ് സെറ്റില്‍വെച്ച് തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി.case against jayasurya again
2013- തൊടുപുഴയില്‍ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് സംഭവമെന്നും പരാതിയില്‍ പറയുന്നു. അന്വേഷണ സംഘത്തിലെ വനിതാ ഐപിഎസ് ഓഫീസർമാരായ ജി പൂങ്കുഴലി,ഐശ്വര്യ ഡോങ്ക്റെ എന്നിവർ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു.
നേരത്തെ മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നല്‍കിയിരുന്നു. 2008 ല്‍ സെക്രട്ടേറിയറ്റില്‍ നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ ജയസൂര്യയില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായെന്നാണ് നടി പരാതിപ്പെട്ടത്. റസ്റ്റ് റൂമില്‍ പോയി വരുമ്ബോള്‍ ജയസൂര്യ പിന്നില്‍ നിന്ന് തന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചെന്നുമായിരുന്നു നടിയുടെ പരാതി. ഈ പരാതിയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സിനിമാ മേഖലയിൽ നിന്ന് ഇതുവരെ പൊലീസിന് ലഭിച്ചത് 18 പരാതികളാണ്. വെളിപ്പെടുത്തൽ നടത്താത്ത സംഭവങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്. അതേസമയം പ്രത്യേക സംഘത്തിന്‍റെ അന്വേഷണപരിധിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വേണ്ടെന്ന് ഡി.ജി.പി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
റിപ്പോർട്ടിന്‍റെ പൂർണരൂപം സർക്കാരിൽ നിന്ന് ആവശ്യപ്പെടേണ്ടെന്നാണ് തീരുമാനം. റിപ്പോർട്ടിൽ ഹൈകോടതി തീരുമാനം വന്നശേഷം തുടർനടപടിയാവാമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗത്തിൽ ഡി.ജി.പി നിർദേശം നൽകി.
സിനിമാരംഗത്ത് നിന്ന് ദുരനുഭവം നേരിട്ട സ്ത്രീകൾക്ക് സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് പരാതികൾ ഉന്നയിക്കാൻ പ്രത്യേക അന്വേഷണ സംഘം ഇ- മെയിൽ ഐ.ഡിയും വാട്സ്ആപ്പ് നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയുടെ മെയിൽ ഐഡിയിൽ പരാതി നൽകാം. അന്വേഷണ സംഘത്തിലെ ഡി.ഐ.ജി അജീത ബീഗത്തിന്‍റെ ഇ-മെയിൽ ഐ.ഡിയാണിത്. 0471-2330747 എന്ന നമ്പരിലും പരാതികൾ അറിയിക്കാം. ഇതുവഴി ലഭിക്കുന്ന പരാതികളിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസുകൾ രജിസ്റ്റർ ചെയ്യും.