കോട്ടയം: തലച്ചോറിൽ ചലനങ്ങളുടെ വേഗത നിയന്ത്രിക്കുന്ന ഡോപാമിൻ കോശങ്ങളുടെ തേയ്മാനം സംഭവിക്കുന്നത് മൂലം വരുന്ന രോഗമാണ് പാർക്കിൻസൺ രോഗം. എന്ത് കൊണ്ട് രോഗം വരുന്നു എന്നത് ശാസ്ത്ര ലോകം അന്വേഷിക്കുന്ന പ്രഹേളികകളിൽ ഒന്നാണ്.
കൈകാലുകളുടെ വിറയൽ, വേഗത കുറവ്, ബലം പിടിത്തം ഉണ്ടാകുക മുതലായവയാണ് ഇതിന്റെ പ്രധാന രോഗ ലക്ഷണങ്ങൾ.ഓരോ രോഗികളിലും കാണുന്ന ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. ചിലർക്ക് മരുന്നിനോട് പ്രതികരിക്കാത്ത വിറയൽ ആണ് പ്രശ്നമുണ്ടാക്കുന്നതെങ്കിൽ ചിലർക്ക് ശരീരത്തിന്റെ വേഗതക്കുറവാണ് ബുദ്ധിമുട്ട്. രോഗലക്ഷണങ്ങൾ ശരീരത്തിന്റെ ഒരു വശത്ത് തുടങ്ങി ക്രമേണ മറു വശത്തേക്കും പിന്നീട് നടക്കുമ്പോൾ നിന്ന് പോകുക, വീഴ്ചകൾ ,ഓർമ്മക്കുറവ് മുതലായവ ലക്ഷ്ണങ്ങളായി കാണാം.
ലഭ്യമായ ചികിത്സ രീതികൾ വഴി രോഗലക്ഷണങ്ങൾ നിയന്ത്രിക്കാം. എന്നാൽ ഒരു പ്രത്യേക ദൈർഘ്യം കഴിയുമ്പോൾ മരുന്നു ചികിത്സ കൊണ്ട് രോഗത്തെ നിയന്ത്രണ വിധേയമാക്കാനും വിറയൽ നിർത്താനും മരുന്നു കഴിക്കുമ്പോഴുള്ള ശാരീരിക മാനസിക പ്രയാസങ്ങൾ നിർത്താൻവ സാധിക്കില്ല. ഈ സമയത്ത് രോഗികൾക്ക് കൊടുക്കുന്ന ചികിത്സ രീതിയാണ് “ഡിപ് ബ്രെയിൻ സ്റ്റൈമുലൈറ്റൻ” അഥവാ ഡിബിഎസ്.
ഡിബിഎസ് ചെയ്യുന്നത് വഴി രോഗലക്ഷണങ്ങൾ കുറയാൻ സാധിക്കുന്നു. തലച്ചോറിൽ രണ്ട് ഇലക്ട്രോഡ് ന്യൂറോസർജറി വിദഗ്ദ്ധരുടെ സഹായത്തോടെ വയ്ക്കുകയും ശേഷം അത് നെഞ്ചിൽ തൊലിക്കടിയിൽ വയ്ക്കുന്ന ബാറ്ററിയുമായി ഘടിപ്പിക്കുകയും ചെയ്യും.
ഈ ബാറ്ററിയിലെ ചെറിയ വൈദ്യുതി ഉപയോഗിച്ചു രോഗലക്ഷ്ണ നിയന്ത്രണം ലക്ഷ്യമിടുന്നു. ബാറ്ററിയുടെ മോഡൽ അനുസരിച്ച് ആറ് മുതൽ 15 വർഷം വരെ ഉപയോഗിക്കാനകും. പാർക്കിൻസൺ രോഗത്തിന് മാത്രമല്ല അപസ്മാര രോഗം ഡിസ്റ്റോണിയ മുതലായ രോഗങ്ങൾക്കും ഡി ബി എസ് ഉപയോഗിച്ച് വരുന്നു.
കരിത്താസ് ആശുപത്രി ന്യൂറോ രോഗങ്ങളുടെ വിദഗ്ധ ചികിത്സകൾ എല്ലാം കോട്ടയത്തു ലഭ്യമാകുന്നതിന്റെ ഭാഗമായി ഡി ബി എസ് സർജറി ചികിത്സ ആരംഭിക്കുകയും ആദ്യ സർജറി വിജയകരമായി ജൂണിൽ പൂർത്തിയാക്കുകയും ചെയ്തു.
ശ്രീ ചിത്ര ആശുപത്രി കഴിഞ്ഞാൽ കോട്ടയം, ഇടുക്കി, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഈ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയായി കരിത്താസ് മാറിയിരിക്കുന്നുവെന്ന് ഡയറക്ടർ ഫാ. ജിസ്മോൻ സണ്ണി ഡോക്ടർമാരായ ബേബി, ഐപ്, വൈശാഖ്, ജോസഫ് സെബാസ്റ്റൃൻ എന്നിവർ അറിയിച്ചു.