പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് 18നും 23നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് ബ്രിട്ടീഷ് ഹൈക്കമ്മീഷണറാകാനുള്ള അവസരം. അവസരം ഒരു ദിവസത്തേക്കാണ്. ‘ഹൈ കമ്മീഷണര്‍ ഫോര്‍ എ ഡേ’ എന്ന പേരില്‍ നടക്കുന്ന മത്സരത്തിനൊടുവില്‍ തെരഞ്ഞെടുക്കുന്ന ഒരാൾക്കാണ് അവസരം.
സെപ്റ്റംബര്‍ നാലിനു മുമ്പ് ഇതിനായി താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ‘യുകെയ്ക്കും ഇന്ത്യയ്ക്കും എങ്ങനെ ഭാവി തലമുറയ്ക്ക് പ്രയോജനം ചെയ്യുന്ന വിധത്തില്‍ സാങ്കേതികവിദ്യയില്‍ എങ്ങനെ സഹകരിക്കാനാകും’ എന്ന വിഷയത്തില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമര്‍പ്പിക്കണം.
അപേക്ഷകര്‍ ‘@UKinIndia’ ടാഗുചെയ്ത് ‘#DayOfTheGirl’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് അവരുടെ വീഡിയോ Twitter, Facebook, Instagram അല്ലെങ്കില്‍ LinkedIn എന്നിവയില്‍ പങ്കു വെക്കണം. സമര്‍പ്പിക്കാനുള്ള അവസാന തീയതി. അപേക്ഷകര്‍ ഒരു ഓണ്‍ലൈന്‍ ഫോമും പൂരിപ്പിക്കണം എന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ലിണ്ടി കാമറൂണ്‍ പറഞ്ഞു.
വിജയിയെ ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ (BHC) ജൂറി ആയിരിക്കും തിരഞ്ഞെടുക്കുക. @UKinIndia സോഷ്യല്‍ മീഡിയ ചാനലുകള്‍ വഴിയായിരിക്കും വിജയിയെ പ്രഖ്യാപിക്കുക. ഒരാള്‍ക്ക് ഒരപേക്ഷ മാത്രമേ അയക്കാന്‍ സാധിക്കുകയുള്ളൂ. ഒരേ വ്യക്തിയില്‍ നിന്നും ഒന്നിലധികം എന്‍ട്രികള്‍ ലഭിച്ചാല്‍ അയോഗ്യരാക്കും. ഹൈക്കമ്മീഷന്റെ തീരുമാനം അന്തിമമാണ്, മുകളില്‍ പറഞ്ഞവയുമായി ബന്ധപ്പെട്ട് കത്തിടപാടുകളൊന്നും സാധ്യമല്ല.
അതേസമയം വീഡിയോയുടെ ദൈര്‍ഘ്യം ഒരു മിനിറ്റില്‍ കൂടരുത്. സമയപരിധി കവിയുന്ന എന്‍ട്രികള്‍ അയോഗ്യരാക്കും. വീഡിയോകളില്‍ എന്തെങ്കിലും തരത്തിലുള്ള കൃത്രിമത്വം കണ്ടെത്തിയാലും അയോഗ്യരാക്കുന്നതാണ്. വീഡിയോകളിലോ പോസ്റ്റുകളിലോ തങ്ങളുടെ വ്യക്തിപരമായ വിശദാംശങ്ങളും പങ്കിടരുത്. ഈ പ്ലാറ്റ്ഫോമുകളില്‍ പങ്കെടുക്കുന്നവര്‍ പരസ്യമാക്കുന്ന വിവരങ്ങള്‍ക്ക് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ഉത്തരവാദിയല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Yasmin Kaye, Deputy Head of Communications,
British High Commission, Chanakyapuri,
New Delhi 110021. Tel: 24192100
Media queries: BHCMediaDelhi@fcdo.gov.uk