ബ്രിട്ടനിൽ ഹൈസ്ട്രീറ്റ് ബാങ്കുകള്‍ അടച്ചുപൂട്ടിയതോടെ പോസ്റ്റ് ഓഫീസ് ശാഖകള്‍ക്കു നേട്ടം. 2015 ന് ശേഷം 6,000 ഓളം ബാങ്ക് ശാഖകള്‍ ബ്രിട്ടനില്‍ അടച്ചു പോയപ്പോള്‍ പല ഉപഭോക്താക്കള്‍ക്കുമുള്ള ഏക ആശ്രയം പോസ്റ്റ് ഓഫീസുകളായിരുന്നു. ഇക്കാലം കൊണ്ട് പ്രതിമാസം 50 ശാഖകള്‍ എന്ന നിരക്കിലാണ് ബാങ്ക് ശാഖകള്‍ അടച്ചു പോയിരുന്നത് . മാത്രമല്ല കൂടുതല്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ബാങ്കിംഗിലേക്ക് തിരിയുന്ന സാഹചര്യത്തില്‍ ഇനിയുള്ള കാലം ഈ അടച്ചു പൂട്ടല്‍ കൂടാനാണ് സാധ്യത ഉള്ളത്.
പക്ഷെ പ്രായമേറിയവര്‍ക്ക് ഇപ്പോഴും പരമ്പരാഗത ബാങ്ക് ശാഖകളെ മാത്രമെ ആശ്രയിക്കാന്‍ കഴിയൂ. അതുകൊണ്ടാണ് പണമിടപാടുകള്‍ക്കായി അവര്‍ക്ക് പോസ്റ്റ് ഓഫീസുകളെ ആശ്രയിക്കേണ്ടി വരുന്നത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തെ കണക്കുകള്‍ പ്രകാരം, നിക്ഷേപവും പിന്‍വലിക്കലും ഉള്‍പ്പടെ ഏതാണ്ട് 3.7 ബില്യണ്‍ പൗണ്ടിന്റെ പണമിടപാടുകളാണ് പോസ്റ്റ് ഓഫീസുകള്‍ വഴി നടന്നത്.
2015 മുതല്‍ അടച്ചു പൂട്ടിയ ബാങ്ക് ശാഖകളുടെ കണക്കെടുത്താൽ അത് മൊത്തം ബാങ്ക് ശാഖകളുടെ 60 ശതമാനത്തില്‍ അധികം വരുമെന്നാണ് കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച് പറയുന്നത്. മാത്രമല്ല ബോള്‍ട്ടന്‍ വെസ്റ്റ്, യോര്‍ക്ക് ഔട്ടര്‍, ന്യൂപോര്‍ട്ട് ഈസ്റ്റ്, റീഡിംഗ് വെസ്റ്റ് എന്നിവ ഉള്‍പ്പടെ 33 പാര്‍ലമെന്ററി നിയോജക മണ്ഡലങ്ങളില്‍ ഈ വര്‍ഷം അവസാനത്തോടെ ഒരൊറ്റ ബാങ്ക് ശാഖപോലും ഉണ്ടാകില്ല എന്നായിരുന്നു മെയ് മാസത്തില്‍ ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
പക്ഷെ ഓണ്‍ലൈന്‍ ബാങ്കിംഗ് പ്രവര്‍ത്തനം അറിയാത്ത പ്രായമേറിയവര്‍ക്കാണ് ഈ അടച്ചു പൂട്ടലുകള്‍ ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.