Thursday, July 25, 2024
spot_imgspot_img
HomeNewsഅവഹേളനങ്ങള്‍ക്ക് ഒടുവില്‍ ഇന്ത്യയെ തൊട്ടറിഞ്ഞ് രാഹുല്‍ എത്തിയത് നേതൃസ്ഥാനത്ത്;10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് പ്രതിപക്ഷ നേതാവായി...

അവഹേളനങ്ങള്‍ക്ക് ഒടുവില്‍ ഇന്ത്യയെ തൊട്ടറിഞ്ഞ് രാഹുല്‍ എത്തിയത് നേതൃസ്ഥാനത്ത്;10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് പ്രതിപക്ഷ നേതാവായി രാഹുല്‍!!. കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും

ന്യൂഡല്‍ഹി: ലോക്സഭയ്ക്ക് പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പ്രതിപക്ഷനേതാവിനെ ലഭിക്കുന്നത്. അതും ഏറെക്കാലമായി അധിക്ഷേപവും സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള കുറ്റപ്പെടുത്തലുകളും നേരിട്ട രാഹുല്‍ ഗാന്ധി തന്നെയാണെന്നതാണ് ശ്രദ്ധേയം.Big challenges await Rahul when he becomes the leader of the opposition

പ്രതാപം നഷ്ടപ്പെട്ട പാര്‍ട്ടിയെ തിരെകെക്കൊണ്ടുവരുന്നതുള്‍പ്പെടെ വലിയ വെല്ലുവിളികളാണ് രാഹുലിനെ കാത്തിരിക്കുന്നതും. ഭരണപക്ഷത്തിന് നേരെ നിവര്‍ന്നു നിന്ന് സംസാരിക്കാനുള്‍പ്പെടെ കോണ്‍ഗ്രസ്സിനെ ഇവിടെ വരെ എത്തിച്ചതിന് രാഹുലിനുള്ള റോള്‍ തുടര്‍ന്നും നിലനിര്‍ത്തിക്കൊണ്ട് പോകേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തവും രാഹുലില്‍ നിക്ഷിപ്തമായിരിക്കുകയാണ്.

മിക്ക തീരുമാനങ്ങള്‍ എടുക്കുന്നതിലും നിർണായക റോളിലേക്ക് രാഹുല്‍ എത്തുമെന്നതിനാല്‍ എല്ലാവരും ഉറ്റുനോക്കുന്നതും രാഹുലിലേക്കാണ്. പക്വതയില്ലാത്ത നേതാവെന്ന പേരുദോഷത്തില്‍ നിന്നും പ്രതിപക്ഷനേതാവ് പദവിയിലേക്കെത്താന്‍ അദ്ദേഹം ഇന്ത്യയുടെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ജനങ്ങളെ തൊട്ടറിഞ്ഞു എന്ന് വേണം പറയാന്‍.

ആ ജനകീയത നിലനിര്‍ത്താന്‍ പ്രതിപക്ഷനേതാവിന്റെ സ്ഥാനത്തിരുന്നുതന്നെ ശ്രമിച്ച് അദ്ദേഹത്തിന് ഭരണം പിടിക്കാന്‍ സാധിക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. പ്രതിപക്ഷനേതാവ് സ്ഥാനം പോലും അവകാശപ്പെടാന്‍ കഴിയാത്ത രീതിയില്‍ തഴയപ്പെട്ട കോണ്‍ഗ്രസ് ഇന്നീ നിലയില്‍ എത്തപ്പെട്ടതിന് രാഹുലിന്‍റെ റോള്‍ ചെറുതല്ല.

രാഹുല്‍ഗാന്ധി നടത്തിയ ജോഡോ യാത്രയിലൂടെ പ്രതിപക്ഷത്തെ വലിയ രീതിയില്‍ ഒന്നിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

രാഹുല്‍ നയിച്ച രണ്ട് യാത്രകളിലൂടേയും പാര്‍ട്ടി പ്രവര്‍ത്തകരെ ഉണര്‍ത്താന്‍ കഴിഞ്ഞൂവെന്നും കോണ്‍ഗ്രസ് സംഘടനാസംവിധാനത്തിന് പുതുജീവന്‍ നല്‍കാന്‍ കഴിഞ്ഞുവെന്നും ഇത് വോട്ടായി മാറിയിട്ടുണ്ടെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മൂന്ന് ലക്ഷത്തിൽപ്പരം ഭൂരിപക്ഷത്തിന് വിജയിക്കാന്‍ കഴിഞ്ഞതും കൈവിട്ടുപോയ അമേഠിയടക്കമുള്ള മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുന്നതിനും രാഹുലിന്റെ യാത്ര വഴിവെച്ചു. നാഗാലന്‍ഡിനും മണിപ്പുരിനും പുറമെ ഝാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം നില മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസിനായി.

കുടംബാധിപത്യത്തിലൂടെ നേതൃത്വത്തിലെത്തിയെന്നും രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവെന്നും അവധി ആഘോഷിക്കാന്‍ വിദേശത്തേക്കു പോകുന്നുവെന്നും ബി.ജെ.പി നിരന്തരം ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടി കൂടിയായി ഒടുവില്‍ രാഹുല്‍ഗാന്ധിയുടെ പ്രതിപക്ഷ നേതൃസ്ഥാനം.

കര്‍ഷകപ്രശ്‌നങ്ങളും തൊഴിലില്ലായ്മയുമടക്കം ഗൗരവകാരമായ വിഷയങ്ങള്‍ മുന്നോട്ടുവെച്ചായിരുന്നു ഇത്തവണ പ്രതിപക്ഷം വലിയ നേട്ടമുണ്ടാക്കിയത്. ഇതിനെല്ലാം പരിഹാരം കാണണം. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ന്യായ് പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍ഗണന നല്‍കണം. ഇവിടെയാണ് പ്രതിപക്ഷ നേതാവെന്ന രീതിയില്‍ രാഹുല്‍ ശോഭിക്കേണ്ടത്. ഇല്ലെങ്കില്‍ പാര്‍ട്ടിയെ വീണ്ടും ജനം തള്ളാനുള്ള സാധ്യതയും ചെറുതല്ല.

2014, 2019 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ആകെ സീറ്റിന്റെ 10 ശതമാനം അംഗബലമില്ലാതിരുന്നതിനാല്‍ പാർട്ടിയുടെ ലോക്‌സഭാ കക്ഷിനേതാവിന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക പദവി ലഭിച്ചിരുന്നില്ല.

ഇക്കുറി കോണ്‍ഗ്രസ് 99 സീറ്റില്‍ വിജയിച്ചതോടെയാണ് പ്രതിപക്ഷ നേതൃപദവി കോണ്‍ഗ്രസിന് ലഭിക്കുന്നത്. പ്രതിപക്ഷനേതാവെന്ന നിലയില്‍ രാഹുലിനു കാബിനറ്റ് റാങ്ക് ലഭിക്കും. പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനവും ലഭിക്കാം.

വിവിധ അന്വേഷണ ഏജൻസി മേധാവികള്‍, മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ, വിവരാവകാശ കമ്മിഷണർ എന്നിവരെയടക്കം നിയമിക്കുന്ന സമിതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം രാഹുലും ഇടംപിടിക്കും. പാർലമെന്റില്‍ ഭരണ ബെഞ്ചിന്റെ നടപടികള്‍ക്ക് നേരെ ചൂണ്ടുവിരല്‍ ഉയർത്തി രാഹുല്‍ കൂടുതല്‍ സജീവമാകേണ്ടി വരും. അതുകൊണ്ട് തന്നെ കൂടുതല്‍ ഉത്തരവാദിത്തങ്ങളാണ് രാഹുലിനെ കാത്തിരിക്കുന്നത്.

ഡല്‍ഹിയില്‍ ചേർന്ന ഇന്ത്യ സഖ്യയോഗത്തിലാണ് രാഹുലിനെ പ്രതിപക്ഷ നേതാവാക്കാൻ തീരുമാനിച്ചത്. പതിനെട്ടാം ലോക്‌സഭാംഗമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

റായ്ബറേലി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയായാണ് രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടന ഉയർത്തിപ്പിടിച്ച്‌ സഭാംഗങ്ങളെ എല്ലാം കാണിച്ച ശേഷമായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ.

രാഹുല്‍ സത്യപ്രതിജ്ഞയ്ക്കായെത്തിയപ്പോള്‍ ‘ഭാരത് ജോഡോ’, ‘ഇന്ത്യ’ എന്ന വിളികളും കരഘോഷങ്ങളും ഉയർന്നു. ‘ജയ് ഹിന്ദ്, ജയ് സംവിധാൻ’ എന്ന് പറഞ്ഞായിരുന്നു സത്യപ്രതജ്ഞ അദ്ദേഹം അവസാനിപ്പിച്ചത്.

സ്പീക്കറെ തെരഞ്ഞെടുത്ത ശേഷം സ്പീക്കറെ ആനയിക്കാനെത്തിയതും, തുടര്‍ന്ന് നടത്തിയ പ്രസംഗത്തിനും രാഹുൽ ഗാന്ധിക്ക് ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളുടെയാകെ പിന്തുണ ലഭിച്ചു. 

സ്പീക്കറായി ഓം ബിർളയെ തെരഞ്ഞെടുത്തപ്പോൾ ചെയറിലേക്ക് ആനയിക്കാൻ രാഹുൽ ഗാന്ധി ചെല്ലുമെന്ന് ഭരണപക്ഷം പ്രതീക്ഷിച്ചിരുന്നില്ല. രാഹുൽ ഗാന്ധി വരുന്നത് കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പെട്ടെന്ന് സ്വാഗതം ചെയ്തു. സ്പീക്കര്‍ക്കും പ്രധാനമന്ത്രിക്കും രാഹുൽ ഗാന്ധി കൈകൊടുത്തതും വ്യത്യസ്ത കാഴ്ചയായി.

പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും പ്രതിപക്ഷം ഭരണഘടന സംരക്ഷിക്കാൻ സഭയിലുണ്ടാകണമെന്നാണ് ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചതെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു.

പ്രതിപക്ഷവും ജനങ്ങളുടെ ശബ്ദമാണ് പ്രതിനിധികരിക്കുന്നത്.പ്രതിപക്ഷത്തിന് പറയാനുള്ളതും സഭയില്‍ കേള്‍ക്കേണ്ടതുണ്ട്. സഭ കാര്യക്ഷമായി പ്രവർ‍ത്തിക്കുന്നു എന്നതിനേക്കാള്‍ ഇന്ത്യയിലെ ജനങ്ങളുടെ  ശബ്ദം എത്രത്തോളം സഭയില്‍ ഉയരുന്നുവെന്നുവെന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments