എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ ലോകത്ത് നടക്കുന്നത് വലിയ ചർച്ചകളാണ്. റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.bhagyalekshmi about hema commision report
ഇപ്പോഴിതാ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്ന് ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു. ഹേമ കമ്മിറ്റിയുടെ മുമ്പാകെ മൊഴി നൽകിയ വ്യക്തിയാണ് താനും. മുഴുവൻ സിനിമ മേഖലകളിലും സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ നടക്കുന്നുണ്ട്.
സിനിമ മേഖലയിൽ ഇതൊക്കെയാണ് നടക്കുന്നതെന്ന് ഇപ്പോൾ കണ്ടെത്തി. ഇനി എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്ന കാര്യത്തിലും വ്യക്തത വേണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു
50,000 -ഓളം കലാകാരന്മാർ ജോലി ചെയ്യുന്ന ഇടമാണ് സിനിമ മേഖല. അനുഭവിക്കുന്ന കാര്യങ്ങൾ പുറത്ത് പറയാൻ സ്ത്രീകൾ തയ്യാറാകുന്നില്ല. അതുകൊണ്ടാണ് അവർ രേഖാമൂലം പരാതി നൽകാത്തത്. ഒരു സ്ത്രീയ്‌ക്ക് ഒരു പ്രശ്നം വന്നാൽ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. പക്ഷേ അത് ഇവിടെ ഉണ്ടാകുന്നില്ല. നടിക്കെതിരെ ഒരും സംഭവമുണ്ടായപ്പോൾ അവളോടൊപ്പം എത്ര പേരാണ് നിന്നതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയോടൊപ്പം നിന്നത് കൊണ്ടാണ് തനിക്ക് ജോലി നിഷേധിക്കപ്പെടുന്നതെന്നും ഭാഗ്യലക്ഷ്മി തുറന്ന് പറഞ്ഞു. ഇവിടെയുള്ള കുറേ രാജാക്കൻമാർ കുറ്റവാളിയോടൊപ്പമാണ് നില്‍ക്കുന്നതെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ വിഷയത്തില്‍ പ്രതികരിക്കേണ്ടതായി വരും. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ സർക്കാർ സ്വീകരിക്കുന്ന നടപടികളും നിർണായകമാണ്.