കോട്ടയം: ആടുജീവിതം സിനിമക്ക് 400 മണിക്കൂർ സമയം ശബ്ദമിശ്രിതത്തിന് ചെലവഴിച്ചെന്ന് സൗണ്ട് മിക്സിംഗിന് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ശരത് മോഹൻ. കോട്ടയം പ്രസ്ക്ലബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാഹുബലിയുടെ സൗണ്ട്മിക്സിംഗിന് അസോസിയേറ്റായി പ്രവർത്തിച്ചപ്പോൾ 700 മണിക്കുറാണ് ചെലവഴിച്ചത്.
ബിഗ് ബജറ്റ് ചിത്രങ്ങൾക്കാണ് സൗണ്ട് എഞ്ചിനീയറിംഗിൽ കൂടുതൽ പ്രാമുഖൃം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മലയാള സിനിമയിൽ ശബ്ദസന്നിവേശത്തിന് കൂടുതൽ സമയം ലഭിക്കുന്നില്ലന്നത് പോരായ്മയാണ്. കുറഞ്ഞസമയത്തിനുള്ളിൽ പേസ്റ്റ് പ്രെഡക്ഷൻ ജോലികൾ തീർക്കുന്നതിലാണ് ശ്രദ്ധ. സിനിയുടെ ബജറ്റ് തന്നെയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ആടുജീവിതത്തിലെ സൗണ്ട് മിക്സിംഗ് ശ്രമകരമായ ജോലിയായിരുന്നു.അത് ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞതിലും അവാർഡ് നേടാൻ കഴിഞ്ഞതിലും ഇരട്ടി മധുരമായി .ഡയലോഗ്,ഇഫക്ട്, സംഗീതം എന്നീ മൂന്ന് ഘടകങ്ങളും വൈകാരികതയോടെ മിക്സ് ചെയ്യാൻ കഴിഞ്ഞത് നേട്ടമായി.
ആട് ജീവിതത്തിന്റെ സീനുകളിൽ ഭൂരിപക്ഷവും ഔട്ട്ഡോർ ആയതിനാൽ സാങ്കേതികമായി കുറെയേറെ ശ്രമകരമായ ദൗതൃമാണ് നേരിടേണ്ടിവന്നത്. ഇതിനായി ടെക്നിക്കലി കൂടുതൽ അപ്ഗ്രേഡ് ചെയ്യേണ്ടി വന്നു.കഥാപാത്രമായ നജീബിന്റെ മരൂഭൂമിയിലെ സീനുകളിൽ ആടിന്റെ ശബ്ദം ,ഒട്ടകത്തിന്റെ ഒച്ച, കാറ്റ് , പ്രതിദ്വനികൾ ഇവയെല്ലാം സന്നിവേശിപ്പിച്ചത് വളരെ സൂക്ഷമതയോടെ, വൈകാരികതയോടെയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
സൗണ്ട് എഞ്ചിനീയറിംഗിൽ ദേശീയ അവാർഡ് സൗണ്ട് ഡിസൗനിംഗ് എന്ന ഒരു വിഭാഗത്തിൽ മാത്രമായി ചുരുക്കിയത് നീതീകരിക്കാനാവില്ല. മുൻ വർഷങ്ങളിൽ സൗണ്ട് മിക്സിംഗിനും സിങ്ക് സൗണ്ടിംഗിനും കൂടി അവാർഡ് നൽകിയിരുന്നു. ഇത് പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാരിൽ സൗണ്ട് എഞ്ചിനീയർമാർ നിവേദനം നല്കുമെന്നും ശരത് മോഹൻ പറഞ്ഞു.
കുടുംബത്തിലെ സന്തോഷത്തിന് പിന്നാലെ ലഭിച്ച അവാർഡ് അപ്രതീക്ഷിതമായിരുന്നുവെന്നും ശരത് മോഹൻ പറഞ്ഞു. സിനിമയിലെ ശബ്ദ മിശ്രണത്തിന് സംസ്ഥാന അവാർഡ് നേടിയ ശരത് മോഹന് കുഞ്ഞ് പിറന്നത് ഓഗസ്റ്റ് അഞ്ചിനായിരുന്നു. മകൾക്ക് പേരിട്ടത് ധ്വനി എന്നാണ്.
114 സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും അവാർഡ് കിട്ടുന്നത് ആദ്യം.അത് മലയാളത്തിൽ നിന്നായതിൽ വളരെ സന്തോഷമായി.
കോട്ടയം കല്ലറ കോമള വിലാസം മോഹനന്റെയും ശാരദയുടെയും മകനാണ് ശരത് മോഹൻ. പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമയുടെ ശബ്ദ മിശ്രണത്തിനാണ് ശരത് മോഹന് സംസ്ഥാന അവാർഡ് ലഭിച്ചത്. ചെറുപ്പം മുതൽ പാട്ടു പഠിച്ചിരുന്നു.
കോട്ടയം സിഎംഎസ് കോളജിലെ ഡിഗ്രി പഠന കാലത്ത് കർണാടക സംഗീതം പഠിക്കാൻ സംഗീത സംവിധായകൻ ജെയ്സൻ ജെ. നായരുടെ സ്ഥാപനമായ മോക്ഷയിലെത്തിയതാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവ് സമ്മാനിച്ചതെന്ന് ശരത് മോഹൻ പറയുന്നു. 2008 ൽ ജെയ്സൻ ജെ.നായരുടെ നിർദേശപ്രകാരം തൃശൂർ ചേതന സ്റ്റുഡിയോയിൽ ശബ്ദമിശ്രണ കോഴ്സിനു ചേർന്നു.
പിന്നീട് മുംബൈയിൽ എത്തി. 2010 മുതൽ മുംബൈ കേന്ദ്രീകരിച്ചാണ് സിനിമയിൽ പ്രവർത്തിക്കുന്നത്. ദേശീയ പുരസ്കാര ജേതാക്കളായ റസൂൽ പൂക്കുട്ടി, സിനോയ് ജോസഫ്, ജസ്റ്റിൻ ജോസ് എന്നിവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
ബാഹുബലി സിനിമയിൽ അസോസിയറ്റ് മിക്സ് എൻജിനീയറായി ജോലി ചെയ്തു. എ.ആർ.റഹ്നോടൊപ്പം മോഹൻ ജദാരെ, സച്ചിൻ എന്നീ സിനിമകളിൽ പ്രവർത്തിച്ചു. ആദ്യമായി സ്വതന്ത്രമായി ശബ്ദ മിശ്രണം ചെയ്ത സിനിമയാണ് ആടു ജീവിതം. ആടു ജീവിതത്തിലെ പെരിയോനെ എന്ന ഗാനം മരുഭൂമിയിലെ അകലങ്ങളിൽ നിന്നു കേൾക്കുന്ന വിധം മിക്സ് ചെയ്തത് ശ്രമകരമായിരുന്നു. .
മൂന്ന് പദ്ധതികളാണ് നിലവിലുള്ളത്. രണ്ട് വർക്കുകൾ നെറ്റ് ഫ്ലെക്സിൽ റിലീസ് ചെയ്തു. ഒരു ഡോക്യുമെന്ററിയുടെ ജോലി പൂർത്തിയാകുകയാണ്. അത് ഉടൻ റിലീസ് ചെയ്യും. ചെന്നൈയിൽ ഡേറ്റാ അനലിസ്റ്റായ പൂഞ്ഞാർ സ്വദേശി ശില്പയാണ് ശരത് മോഹന്റെ ഭാര്യ.
പ്രസ്ക്ലബ് പ്രസിഡണ്ട് അനീഷ് കുരൃൻ, ജോ. സെക്രട്ടറി ജോസി ബാബു എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.