Monday, July 22, 2024
spot_imgspot_img
HomeCinemaCelebrity Newsഅവന് ഇരുട്ടൊക്കെ പേടിയാ! വഴക്ക് പറയല്ലേ വാപ്പാന്നാണ് എന്നോട് അവൻ പറഞ്ഞത്! ആ കൈ പൂവൊക്കെ...

അവന് ഇരുട്ടൊക്കെ പേടിയാ! വഴക്ക് പറയല്ലേ വാപ്പാന്നാണ് എന്നോട് അവൻ പറഞ്ഞത്! ആ കൈ പൂവൊക്കെ പോലെ ഭയങ്കര സോഫ്റ്റാ!

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ എന്ന സാപ്പി വിടവാങ്ങിയത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരപുത്രന്‍ റാഷിന്‍ അന്തരിച്ചത്. സാപ്പി എന്ന് വിളിക്കുന്ന മകനെ കുറിച്ച് മുന്‍പ് സിദ്ദിഖ് തുറന്ന് സംസാരിച്ചിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയാണ് സാപ്പിയുടെ പ്രിയപ്പെട്ടവർ അവനെകുറിച്ച് തുറന്നു സംസാരിക്കുന്നത്. anoop sathyan shared a heart touching note on siddique son rasheen s demise

അത്തരത്തിൽ സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യൻ പങ്കിട്ട ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്.

നടനായത് കൊണ്ടാണോ എന്നറിയില്ല. മകനെപ്പറ്റി പറയുമ്പോൾ മുന്നിലിരിക്കുന്ന സിദ്ധിഖ് ഇക്ക സാപ്പിയായി മാറുന്ന കാഴ്ച താൻ കണ്ടുവെന്നും സാപ്പിയെക്കുറിച്ച് സിദ്ദിഖ് പറഞ്ഞതിനെക്കുറിച്ചുമാണ് അനൂപ് കുറിച്ചത്.

അനൂപ് സത്യന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ഒരച്ഛനിൽ മകനെ കണ്ടപ്പോൾ

നടൻ സിദ്ദിഖ് ഇക്കയുടെ മകൻ റാഷിൻ ഇന്നലെ രാവിലെ മുതൽ ഉറക്കമെഴുന്നേറ്റിട്ടില്ല. ഇനിയങ്ങോട്ട് ഉറങ്ങാമെന്നാണ് ‘സാപ്പി’യുടെ തീരുമാനം.
’37 വയസുള്ള’ ഒരു കുട്ടിയായിരുന്നു സാപ്പി.

ചടങ്ങുകളെല്ലാം കഴിഞ്ഞു, രാത്രി ആളൊഴിഞ്ഞ സമയത്താണ് സിദ്ധിഖ് ഇക്ക സാപ്പിയെ പറ്റി പറയുന്നത് അച്ഛനരികിൽ ഇരുന്ന് ഞാൻ കേൾക്കുന്നത്. അവൻ ഉറങ്ങിക്കിടന്നിരുന്ന മുറിയുടെ തൊട്ടടുത്തുള്ള വരാന്തയിൽ ഇരുന്ന്.
നടനായത് കൊണ്ടാണോ എന്നറിയില്ല.

മകനെപ്പറ്റി പറയുമ്പോൾ മുന്നിലിരിക്കുന്ന സിദ്ധിഖ് ഇക്ക സാപ്പിയായി മാറും. നടക്കുന്ന വഴിയിലുള്ളതെല്ലാം അടുക്കി പെറുക്കി വക്കുന്ന, ചിക്കൻ കണ്ടാൽ കൊതി വരുന്ന, ഇരുട്ട് കണ്ടാൽ പേടിക്കുന്ന, ഓർക്കാപ്പുറത്ത് വീശുന്ന കാറ്റു പോലെ വരുന്ന അപസ്മാരത്തിൽ വിറയ്ക്കുന്ന സാപ്പി. കണ്ണ് നിറഞ്ഞു തുളുമ്പുമ്പോൾ മകൻ വീണ്ടും അച്ഛനായി മാറും.

സാപ്പിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം ലൈബ്രറിയായിരുന്നു. വേൾഡ് ബുക്ക്സ് ആയിരുന്നു ഏറ്റവും ഇഷ്ടം. ഒരു ഗ്യാപ്പ് വരുമ്പോൾ സാപ്പിയുടെ മുഖം ചെറുതായൊന്നു വാടും. ഉടനെ ലൈബ്രറിയിൽ കൊണ്ട് പോയാൽ സാപ്പി ഹാപ്പി. മറ്റുള്ളവർ അലക്ഷ്യമായി മറിച്ചു നോക്കി വലിച്ചിടുന്ന പുസ്തകങ്ങൾ തിരികെ യഥാസ്ഥാനത്ത് സാപ്പി കൊണ്ട് വെക്കും. അത് കൊണ്ട് ലൈബ്രെറിയന് ഇഷ്ടമാണ് സാപ്പി വരുന്നത്. ഇന്ന് മുതൽ അയാൾ അത് ഒറ്റക്ക് ചെയ്യണം.

സമാധാനിപ്പിക്കാൻ ശ്രമിപ്പിക്കുന്നതിനിടയിൽ അച്ഛൻ സിദ്ധിഖ് ഇക്കയോട് പറഞ്ഞതിൽ ഒന്നിങ്ങനെയായിരുന്നു -“അവൻ സന്തോഷവാനായിരുന്നു സിദ്ധിക്കേ. അവന്റെ ലോകം ഒന്നാലോചിച്ചു നോക്കിയേ. നമുക്കെല്ലാവർക്കും ഉള്ള കാപട്യമോ, മുഖം മൂടിയോ ഇല്ലാതെ, ഇങ്ങനൊരു വീട്ടിൽ സ്നേഹം മാത്രം അനുഭവിച്ച് അവനു ജീവിക്കാൻ പറ്റിയില്ലേ”. ശരിയാണ് എന്തൊരു സമാധാനമുള്ള ജീവിതമായിരിക്കും അത്.

വീടിറങ്ങി പോയ മകനെപ്പറ്റി പറയും പോലെ സിദ്ധിഖ് ഇക്ക സാപ്പിയെപ്പറ്റി സംസാരിച്ചു കൊണ്ടിരുന്നു. “ഭയങ്കര മെമ്മറി ആണവന്. എല്ലാ ഡീറ്റൈൽസും ഓർമയിൽ കാണും. അടുത്ത വർഷത്തെ ഒരു ദിവസത്തെപ്പറ്റി ചോദിച്ചാൽ ആ തിയതിയും ആഴ്ചയും സെക്കന്റുകൾക്കുള്ളിൽ പറയും.”

“ഒരു ദിവസം ഞങ്ങളെല്ലാവരെയും ഞെട്ടിച്ച് മുറ്റത്താരോ വച്ചിരുന്ന ഒരു സൈക്കിളുമെടുത്ത് അവൻ പുറത്തു പോയി. പാനിക്കായി ഞങ്ങൾ ഓരോരുത്തരും അവനെ തപ്പാൻ ഓരോ വഴിക്കിറങ്ങി. ഒരു മണിക്കൂർ കഴിഞ്ഞു തനിയെ സൈക്കിളോടിച്ച് അവൻ തിരിച്ചെത്തി.

അവൻ സൈക്കിൾ ചവിട്ടുന്നത് അതിനു മുൻപ് ഞങ്ങളാരും കണ്ടിട്ടില്ല. എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പാ” ന്നാണ്. ഇല്ലാന്ന് പറഞ്ഞു അവന്റെ കൈ രണ്ടും ഞാൻ മുറുക്കി പിടിച്ചു.”

ഒന്ന് നിർത്തി, വിതുമ്പിക്കൊണ്ട് സിദ്ധിഖ് ഇക്ക പറഞ്ഞു – “അവന്റെ കൈ നമ്മളുടെ കൈ പോലെ ഒന്നുമല്ല… പൂവൊക്കെ പോലെ ഭയങ്കര സോഫ്റ്റാ.”
ആ പറഞ്ഞത് പുറകിലെ മുറിയിലെ ജനവാതിലിൽ ചാരി നിന്ന് സാപ്പി കേട്ടിട്ടുണ്ടാകും. ഇരുട്ടാണ് അവിടെ. ചെലപ്പോ സാപ്പിക്ക് ഇരുട്ടിനോടുള്ള പേടി പോയിക്കാണും.”

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments